Home Sports2026 ടി20 ലോകകപ്പ്; സൂര്യയും സംഘവും നാളെ കളത്തിൽ

2026 ടി20 ലോകകപ്പ്; സൂര്യയും സംഘവും നാളെ കളത്തിൽ

by news_desk
0 comments

ടി20 ലോകകപ്പിലെ ആദ്യ സൂപ്പർ 8 മത്സരത്തിനായി ഇന്ത്യ നാളെ കളത്തിൽ. ഗ്രൂപ്പ് എ ജേതാക്കളായി എത്തുന്ന നീലപ്പടയ്ക്ക് ഗ്രൂപ്പ് ഡി ജേതാക്കളായ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം അരങ്ങേറുന്നത്. ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ജയിച്ചാണ് നീലപ്പട സൂപ്പർ 8ൽ ഇടംപിടിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ സിംബാബ്‍വേ, വെസ്റ്റ് ഇൻഡീസ് എന്നിവരാണ് ഇന്ത്യയുടെ മറ്റ് എതിരാളികൾ. മൂന്ന് ടീമുകളും മികച്ച ഫോമിൽ തന്നെയാണ് പോരാടുന്നത്. ഇനിയൊരു നല്ല ക്രിക്കറ്റ് കാണാനാകില്ലയെന്ന പലരും വിധിയെഴുതിയ സിംബാബ്‍വേ ത്രസിപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ തോൽവിയെന്തെന്ന് അറിയാതെ മുന്നേറുന്ന നായകൻ സൂര്യകുമാറിനും സംഘത്തിനും കാര്യങ്ങൾ അത്ര എളുപ്പമായിരിക്കില്ല. പ്രധാന താരങ്ങൾക്ക് സ്പിന്നിങ് നിരയുടെ മുന്നിൽ പിടിച്ചുനിൽക്കാൻ ആകുന്നില്ല എന്നതാണ് ഇന്ത്യയുടെ തലവേദന. ഓപ്പണർ അഭിഷേക് ശർമയ്ക്ക് റൺസ് കണ്ടെത്താനാകുന്നില്ല എന്നത് ടീമിന് വലിയ തിരിച്ചടിയാണ്. കളത്തിലിറങ്ങിയ മൂന്ന് മത്സരങ്ങളിലും താരം ഒരു റൺ പോലും നേടാനാകാതെ ഡഗ്‌ഔട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാൽ, ഇന്ത്യയുടെ ബെഞ്ച് കരുത്ത് ടീമിന് ആത്മവിശ്വാസം പകരുന്നതാണ്. സ്പിന്നറായി കുൽദീപ് യാദവും ഓപ്പണറായി സഞ്ജു സാംസണും പേസ് ബൗളറായി മുഹമ്മദ് സിറാജും തുടങ്ങി മികച്ച ഓപ്ഷനുകളാണ് ഇന്ത്യയ്ക്കുള്ളത്.

ഗ്രൂപ്പ് ജേതാക്കളായി തന്നെ എത്തുന്ന പ്രോട്ടീസുകൾക്ക് അവരുടേ സ്ഥിരതയാർന്ന പ്രകടനമാണ് കരുത്ത്. എന്നാൽ സ്പിൻ ബൗളിംഗിലേക്ക് വരുമ്പോൾ കേശവ് മഹാരാജിനെ മാത്രം ആശ്രയിക്കുന്നത് അവർക്ക് തിരിച്ചടിയായേക്കാം. 2024 ലെ കലാശപ്പോരിൽ ഇന്ത്യയോട് നേരിട്ട തോൽവിക്ക് പകരം വീട്ടാനുറച്ചാണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. അന്ന് ഏഴ് റൺസിനായിരുന്നു ഇന്ത്യയുടെ ജയം.

നാളെ നടക്കുന്ന മറ്റൊരു മത്സരത്തിൽ ശ്രീലങ്ക ഇംഗ്ലണ്ടിനെ നേരിടും. ഫെബ്രുവരി 26ന് സിംബാബ്‍വേയ്ക്കും, മാർച്ച് ഒന്നിന് വെസ്റ്റ് ഇൻഡീസിനും എതിരെയാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ. സെമി ഫൈനൽ പോരാട്ടങ്ങൾ മാർച്ച് നാല്, അഞ്ച് തീയതികളിലായും കിരീടപ്പോരാട്ടം മാർച്ച് എട്ടിനും നടക്കും.

You may also like