കുവൈത്ത് സിറ്റി: ഇറാന്‍ ആക്രമണത്തില്‍ കുവൈറ്റില്‍ തമിഴ്നാട് സ്വദേശിയായ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. രാമനാഥപുരം ജില്ലയിലെ കൊളത്തൂര്‍ സ്വദേശിയായ സന്താന ശെല്‍വം (40) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ കരാര്‍ ജീവനക്കാരനായിരുന്ന അദ്ദേഹം ആക്രമണ സമയത്ത് രാത്രി ഡ്യൂട്ടിയിലായിരുന്നു.
കുവൈറ്റിലെ ശുഐബ മേഖലയിലുള്ള പ്ലാന്റിനെ ലക്ഷ്യമിട്ടാണ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ ആക്രമണം നടന്നത്. സംഭവത്തില്‍ കെട്ടിടങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഗണ്യമായ നാശനഷ്ടം സംഭവിച്ചതായി ജല-വൈദ്യുതി മന്ത്രാലയം അറിയിച്ചു.
ജല ശുദ്ധീകരണ കേന്ദ്രത്തില്‍ നടന്ന ആക്രമണത്തില്‍ ഇന്ത്യന്‍ പൗരന്‍ മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ എംബസി ദുഃഖം രേഖപ്പെടുത്തി. മരിച്ചയാളുടെ കുടുംബത്തോടുള്ള അനുശോചനവും പൂര്‍ണ പിന്തുണയും എംബസി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
ഇതിനിടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്റെ ആക്രമണങ്ങള്‍ തുടരുകയാണ്. കുവൈറ്റിനെ ലക്ഷ്യമിട്ട് തുടര്‍ച്ചയായ ആക്രമണശ്രമങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. യുഎഇയിലേക്കും ഡ്രോണുകള്‍ അയച്ചതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുലര്‍ച്ചെയുണ്ടായ ശക്തമായ ശബ്ദങ്ങള്‍ ഡ്രോണുകള്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതിനെ തുടര്‍ന്നാണെന്ന് ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി. സൗദി അറേബ്യയുടെ കിഴക്കന്‍ മേഖലകളില്‍ ക്രൂയിസ് മിസൈലുകളും ഡ്രോണുകളും തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ബഹ്റൈനില്‍ സുരക്ഷാ മുന്നറിയിപ്പ് പ്രഖ്യാപിക്കുകയും മൂന്ന് തവണ ആക്രമണശ്രമങ്ങള്‍ ഉണ്ടായതായി അധികൃതര്‍ സ്ഥിരീകരിക്കുകയും ചെയ്തു. സുരക്ഷാ മുന്‍കരുതലായി വൈകിട്ട് 6 മുതല്‍ പുലര്‍ച്ചെ 4 വരെ കടല്‍ മാര്‍ഗ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മത്സ്യബന്ധനത്തിനും താല്‍ക്കാലിക വിലക്കുണ്ട്.
അതേസമയം, പശ്ചിമേഷ്യയില്‍ അമേരിക്ക സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മേഖലയിലെ സാഹചര്യം കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നും കരയുദ്ധ സാധ്യത തള്ളിക്കളയാനാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

