Home International‘ലോകത്തെ എണ്ണ-ഗ്യാസ് നീക്കം സ്തംഭിക്കും’; അമേരിക്കയ്ക്കെതിരെ ഇറാന്റെ പുതിയ മുന്നറിയിപ്പ്, സൈനിക ആക്രമണത്തിൽ തീവ്രവാദ ഗ്രൂപ്പുകളെ ഇളക്കിവിടാൻ ശ്രമമെന്ന് ആരോപണം

‘ലോകത്തെ എണ്ണ-ഗ്യാസ് നീക്കം സ്തംഭിക്കും’; അമേരിക്കയ്ക്കെതിരെ ഇറാന്റെ പുതിയ മുന്നറിയിപ്പ്, സൈനിക ആക്രമണത്തിൽ തീവ്രവാദ ഗ്രൂപ്പുകളെ ഇളക്കിവിടാൻ ശ്രമമെന്ന് ആരോപണം

by news_desk1
0 comments

ടെഹ്റാൻ: ഇറാന്റെ സൈന്യത്തെ ആക്രമിച്ച് മേഖലയിൽ തീവ്രവാദ ഗ്രൂപ്പുകളെ ഇളക്കിവിടാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ആരോപിച്ച് ഇറാൻ. ഇറാൻഷഹറിൽ ഏഴ് സൈനികർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. അമേരിക്കയുടെ നീക്കങ്ങൾ ഇതേ രീതിയിൽ തുടർന്നാൽ ലോകത്തെ എണ്ണയുടെയും പാചകവാതകത്തിന്റെയും നീക്കം സ്തംഭിപ്പിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

തെക്കൻ ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ 30 സാധാരണക്കാരും ഏഴ് സൈനികരും കൊല്ലപ്പെട്ടതായാണ് ഇറാൻ ആരോപിക്കുന്നത്. ഏഴ് മണിക്കൂർ നീണ്ട വ്യോമാക്രമണത്തിൽ ധാന്യ സംഭരണകേന്ദ്രങ്ങളും കുടിവെള്ള പ്ലാന്റുകളും തകർത്തതായും ഇറാൻ ആരോപിച്ചു. അതേസമയം, ഇറാൻ ചർച്ചകൾക്ക് വഴങ്ങിയില്ലെങ്കിൽ പവർ പ്ലാന്റുകളും പാലങ്ങളും ലക്ഷ്യമിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്. ഇതോടെ മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

തെക്കുകിഴക്കൻ ഇറാനിലെ സിസ്താൻ-ബലൂചിസ്താൻ പ്രവിശ്യയിലെ ബാംപൂർ സൈനിക ബാരക്കിൽ 13 മിസൈലുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഏഴ് സൈനികർ കൊല്ലപ്പെട്ടതെന്ന് ഇറാൻ വ്യക്തമാക്കി. പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തി മേഖലയിലെ ഇറാൻ സൈന്യത്തെ ദുർബലപ്പെടുത്തി തീവ്രവാദ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണമെന്നാണ് ഇറാന്റെ ആരോപണം.

തെക്കൻ ഇറാനിലെ ഹൊവൈസ് മേഖലയിലുണ്ടായ ആക്രമണത്തിൽ 30 സാധാരണക്കാർ കൊല്ലപ്പെട്ടതായി സർക്കാർ വക്താവ് ഫാത്തിമ മൊഹറിജാനി അറിയിച്ചു. ധാന്യ സംഭരണകേന്ദ്രങ്ങളും കുടിവെള്ള പ്ലാന്റുകളും ആക്രമിക്കപ്പെട്ടതായും ഇന്ന് പുലർച്ചെയോടെയും ആക്രമണം തുടർന്നതായും ഇറാൻ ആരോപിച്ചു.

തിരിച്ചടിയായി ലോകത്തെ എണ്ണ-പാചകവാതക കയറ്റുമതി റൂട്ടുകൾ തടയുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. “ഒന്നുകിൽ എല്ലാവർക്കും, അല്ലെങ്കിൽ ആർക്കുമില്ല” എന്ന സമീപനമായിരിക്കും സ്വീകരിക്കുകയെന്ന് ഇറാൻ വ്യക്തമാക്കി.

കുവൈത്തിലെ അമേരിക്കയുടെ പ്രധാന കെജിഎൽ വെയർഹൗസ്, ബഹ്റൈനിലെ സൈനിക ഉപകരണ കേന്ദ്രം, ജോർദാനിലെ അൽ അസറക് വ്യോമതാവളം എന്നിവ ആക്രമിച്ചതായും ഇറാൻ അവകാശപ്പെട്ടു. ഇറാനുമായി ബന്ധമുള്ള 50 ഷിപ്പിങ് കമ്പനികൾക്കും വ്യക്തികൾക്കും കപ്പലുകൾക്കും അമേരിക്ക അധിക ഉപരോധം ഏർപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ ഒമാൻ തീരം വഴി സഞ്ചരിക്കാൻ ശ്രമിക്കുന്ന കപ്പലുകളും തടയുമെന്നാണ് ഇറാന്റെ നിലപാട്.

You may also like