Home Keralaമുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നർ തകർന്നു; പ്ലാസ്റ്റിക് പെല്ലെറ്റുകൾ നിറച്ച 150 ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു

മുങ്ങിയ ചരക്കുകപ്പലിലെ കണ്ടെയ്നർ തകർന്നു; പ്ലാസ്റ്റിക് പെല്ലെറ്റുകൾ നിറച്ച 150 ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു

by news_desk1
0 comments

തിരുവനന്തപുരം: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്സിഎൽസി–3 ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു. കടലിൽ ഒഴുകിനടന്ന ചാക്കുകെട്ടുകളാണ് വിഴിഞ്ഞം തീരത്ത് എട്ടോളം മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങളിലായി എത്തിച്ചത്.

പ്ലാസ്റ്റിക് പെല്ലെറ്റുകൾ നിറച്ച ചാക്കുകളാണിവയെന്ന് കോസ്റ്റൽ പൊലീസ് അധികൃതർ അറിയിച്ചു. കടലിൽ മുങ്ങിക്കിടന്ന കണ്ടെയ്നർ കാലപ്പഴക്കം മൂലം തകർന്നതിനെ തുടർന്നാണ് അതിനുള്ളിലുണ്ടായിരുന്ന ചാക്കുകൾ വെള്ളത്തിന്റെ മുകളിലേക്ക് ഒഴുകിയെത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

യുഎഇയിൽ നിർമ്മിച്ച പോളിപ്രൊപ്പലൈൻ വസ്തുക്കളാണിതെന്നും ഓരോ ചാക്കിനും 25 കിലോഗ്രാം ഭാരമുണ്ടെന്നും അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

വിഴിഞ്ഞം തീരത്ത് നിന്ന് ഏകദേശം 32 മുതൽ 50 വരെ നോട്ടിക്കൽ മൈൽ അകലെയായി ഒഴുകിനടന്ന നിരവധി ചാക്കുകളിൽ നിന്ന് 150 ചാക്കുകളാണ് മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചത്. ഇന്നലെ പുലർച്ചെ മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികൾ ഉൾക്കടലിൽ മൂന്ന് മണിക്കൂറിലധികം പരിശ്രമിച്ചാണ് ചാക്കുകൾ വള്ളത്തിലേക്ക് കയറ്റിയത്.

2025 മേയ് 24-നാണ് കണ്ടെയ്നറുകളുമായി സഞ്ചരിച്ച എംഎസ്സിഎൽസി–3 കപ്പൽ അപകടത്തിൽപ്പെട്ട് മുങ്ങിയത്. കപ്പലിൽ അപകടകരമായ 13 കണ്ടെയ്നറുകൾ ഉൾപ്പെടെ ഏകദേശം 640 കണ്ടെയ്നറുകൾ ഉണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

You may also like