കൊച്ചി: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ പൊന്നാനി പീഡനക്കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസ് രജിസ്റ്റര്‍ ചെയ്യാത്തത് അരാജകത്വത്തിന് വഴിയൊരുക്കുമെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു.
ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന പൊന്നാനി മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ മുന്‍ മലപ്പുറം എസ്.പി സുജിത് ദാസ്, ഡിവൈഎസ്പി വി.വി. ബെന്നി, സി.ഐ വിനോദ് എന്നിവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം.
നീണ്ട നാലര വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. കേസെടുക്കാന്‍ കോടതി ഈ മാസം ഒമ്പതിന് നിര്‍ദേശം നല്‍കിയതാണെന്നും ഇന്ന് പതിനഞ്ചാം തീയതിയായിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യനാണ് ഹര്‍ജി പരിഗണിച്ചത്. കേസ് നാളെ ഉച്ചയ്ക്ക് വീണ്ടും പരിഗണിക്കും.
2022 ജനുവരിയിലാണ് പൊന്നാനി സ്വദേശിനിയായ യുവതി മൂന്ന് പൊലീസ് ഉദ്യോഗസ്ഥരില്‍നിന്ന് ലൈംഗികാതിക്രമത്തിന് ഇരയായെന്ന പരാതി ഉയര്‍ന്നത്. നീതി തേടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴാണ് ദുരനുഭവമുണ്ടായതെന്നും പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് വിഷയം സുപ്രീംകോടതിയിലെത്തുകയും പരാതി പരിഗണിച്ച് തീരുമാനമെടുക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയോട് സുപ്രീംകോടതി നിര്‍ദേശിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കാന്‍ പൊന്നാനി പൊലീസിന് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായ സാഹചര്യത്തില്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് അതിജീവിതയുടെ ആവശ്യം.

