Home Entertainment‘ഞാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരിയുടുത്ത് നവ്യ വരണം’; വേദിയിൽ പൊട്ടിച്ചിരിയുണർത്തി ധ്യാൻ ശ്രീനിവാസൻ

‘ഞാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരിയുടുത്ത് നവ്യ വരണം’; വേദിയിൽ പൊട്ടിച്ചിരിയുണർത്തി ധ്യാൻ ശ്രീനിവാസൻ

by news_desk1
0 comments

കൊച്ചി: സ്വതസിദ്ധമായ നർമ്മശൈലികൊണ്ട് വേദികളിലും അഭിമുഖങ്ങളിലും ശ്രദ്ധേയനായ ധ്യാൻ ശ്രീനിവാസൻ വീണ്ടും ചിരിയുണർത്തി. പുതിയ ചിത്രം ‘വിസിറ്റർ’-ന്റെ സ്വിച്ചോൺ ചടങ്ങിൽ സംസാരിക്കവെയാണ് ധ്യാനിന്റെ പരാമർശം സദസിനെ പൊട്ടിച്ചിരിപ്പിച്ചത്.

കുട്ടിക്കാലത്ത് നൽകിയ ഒരു ടെലിവിഷൻ അഭിമുഖത്തിൽ നടി നവ്യ നായരെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. വർഷങ്ങൾക്കിപ്പുറം നവ്യ നായരോടൊപ്പം അഭിനയിക്കുന്ന ചിത്രത്തിന്റെ വേദിയിൽ അതേ വിഷയം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ധ്യാനിന്റെ തമാശ.

“എന്റെ അഭിമുഖ ജീവിതം തുടങ്ങുന്നത് തന്നെ നവ്യയോടുള്ള ഇഷ്ടം പറഞ്ഞുകൊണ്ടാണ്. അതിന് ശേഷം നവ്യ വിവാഹം കഴിച്ചു. ഇപ്പോൾ നവ്യയ്ക്ക് വിവാഹം കഴിക്കാൻ പ്രായമായ മകനുണ്ട്. എന്നിട്ടാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്നത്. എന്നാലും ഞാൻ പറയുകയാണ്… ഞാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരിയുടുത്ത് നവ്യ വരണം,” എന്ന് ധ്യാൻ പറഞ്ഞതോടെ സദസിൽ പൊട്ടിച്ചിരി ഉയർന്നു. വേദിയിലുണ്ടായിരുന്ന നവ്യ നായരും ഈ പരാമർശം കേട്ട് ചിരിക്കുകയായിരുന്നു.

തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രി ആയതിന് ശേഷം അടുത്ത പതിനഞ്ച് വർഷം താനും അതിനായി ശ്രമിക്കുമെന്ന് സുഹൃത്തായ അജു വർഗീസിനോട് പറഞ്ഞിരുന്നുവെന്നും ധ്യാൻ വേദിയിൽ പറഞ്ഞു. അമ്മ സംഘടനയുടെ നേതൃത്വത്തിലേക്ക് തന്നെ കൊണ്ടുവരാൻ പലരും ആഗ്രഹിച്ചിരുന്നുവെങ്കിലും താൻ അതിന് തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ‘വിസിറ്റർ’ എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും നവ്യ നായരും കൂടാതെ ഉർവശിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സംവിധാനം രാഹുൽ മുരളീധരനാണ്. സിദ്ധാർഥ് ഭരതൻ, റോണി ഡേവിഡ്, മധു വാര്യർ, വിഷ്ണു ജി. വാര്യർ, കെ.പി.എ.സി ലീല, കലാരഞ്ജിനി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

You may also like