Home Top Storiesഅതിവേഗ റെയിൽ പദ്ധതിയിൽ വിദഗ്ധസമിതി റിപ്പോർട്ട് ഇന്ന്; നിർദേശങ്ങളിൽ മാറ്റം ശുപാർശ, വിഴിഞ്ഞത്തേക്ക് നീട്ടാനും നിർദേശം

അതിവേഗ റെയിൽ പദ്ധതിയിൽ വിദഗ്ധസമിതി റിപ്പോർട്ട് ഇന്ന്; നിർദേശങ്ങളിൽ മാറ്റം ശുപാർശ, വിഴിഞ്ഞത്തേക്ക് നീട്ടാനും നിർദേശം

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. മുൻപ് സമർപ്പിച്ച റിപ്പോർട്ടിലെ ചില നിർദേശങ്ങളിൽ മാറ്റം വരുത്തി പദ്ധതി മുന്നോട്ടുകൊണ്ടുപോകാമെന്നാണ് സമിതിയുടെ ശുപാർശ. അലൈൻമെന്റും ഫണ്ടിങ് മാതൃകയും സംബന്ധിച്ച അന്തിമ തീരുമാനം സർക്കാർ കൈക്കൊള്ളണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വിഴിഞ്ഞത്തേക്ക് അതിവേഗ റെയിൽ പാത നീട്ടണമെന്നും, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മെട്രോ സ്റ്റേഷനുകളുമായി അതിവേഗ റെയിലിനെ ബന്ധിപ്പിക്കണമെന്നും വിദഗ്ധസമിതി ശുപാർശ ചെയ്യുന്നു.

മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുന്ന സാഹചര്യത്തിൽ അതിന് അനുസരിച്ച് സ്റ്റോപ്പുകളിലും മാറ്റം ആവശ്യമായിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. കെ-റെയിൽ പദ്ധതിയിലുണ്ടായതുപോലുള്ള ജനപ്രതിഷേധം ഇത്തവണ ഉണ്ടാകാൻ സാധ്യത കുറവാണെന്നും സമിതി വിലയിരുത്തുന്നു.

പദ്ധതിക്കായി ക്രൗഡ് ഫണ്ടിങ് പ്രായോഗികമല്ലെന്നും, മുൻ റിപ്പോർട്ടിൽ നിർദേശിച്ചതുപോലെ 60,000 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അതിവേഗ റെയിൽ പദ്ധതി ഏറ്റെടുക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ച് ബന്ധപ്പെട്ട ഏജൻസി സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നു. കൊച്ചി മെട്രോ മാതൃകയിൽ രൂപകൽപ്പനയും നിർമാണവും കാര്യക്ഷമമായി നടപ്പാക്കാൻ കഴിയുമെന്നും, പദ്ധതി നിശ്ചിത സമയത്തിനുള്ളിലോ അതിലും വേഗത്തിലോ പൂർത്തിയാക്കാമെന്നും ഉറപ്പ് നൽകിയിരുന്നു.

മുൻ റിപ്പോർട്ടിൽ പദ്ധതിയുടെ ചെലവ് 60,000 കോടി രൂപയായിരിക്കുമെന്നാണ് വിലയിരുത്തിയിരുന്നത്. 2.28 ലക്ഷം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള സംവിധാനമാകുമെന്നും, നിർമാണം അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കാമെന്നും അതിൽ പറഞ്ഞിരുന്നു.

പാത പൂർണമായും ഉയർത്തി നിർമിക്കുന്നതിനാൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എതിർപ്പുകൾ കുറയുമെന്നും, പദ്ധതി നടപ്പായാൽ റോഡ് അപകടങ്ങളുടെ നിരക്ക് ഗണ്യമായി കുറയുമെന്നും മുൻ റിപ്പോർട്ടിൽ വിലയിരുത്തിയിരുന്നു.

You may also like