കണ്ണൂർ: കണ്ണൂർ കുടിയാൻമലയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സഹോദരീഭർത്താവ് കുത്തിക്കൊലപ്പെടുത്തി. ഒഡിഷ സ്വദേശിയായ 35കാരൻ ഫിലിപ്പാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ രമേശനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടിയാൻമല പൂപ്പറമ്പിൽ ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ഫിലിപ്പും സഹോദരീഭർത്താവായ രമേശനും ഒരേ വീട്ടിലായിരുന്നു താമസം. ഇരുവരും മദ്യപിച്ചശേഷം വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെയും മദ്യപാനത്തിന് ശേഷം ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഫിലിപ്പ് രമേശന്റെ വീട്ടുകാരെ അധിക്ഷേപിച്ചതിനെ തുടർന്ന് പ്രകോപിതനായ രമേശൻ കത്തിയുമായി ആക്രമിക്കുകയായിരുന്നു.
രക്ഷപ്പെടാനായി ഫിലിപ്പ് കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും പിന്നാലെ എത്തിയ പ്രതി അദ്ദേഹത്തിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച രമേശനെ പൊലീസ് പിടികൂടി.
പ്രതി രമേശൻ അഞ്ച് വർഷം മുമ്പാണ് ഒഡിഷയിൽ നിന്ന് കേരളത്തിലെത്തിയത്. കൊല്ലപ്പെട്ട ഫിലിപ്പ് ഒരു വർഷം മുമ്പാണ് ഇവിടെ ജോലിക്കായി എത്തിയത്.

