ബാങ്കോക്ക്: തായ്‌ലൻഡിലെ വടക്കൻ ബാങ്കോക്കിലെ ഒരു പ്രമുഖ പബ്ബിലുണ്ടായ വൻ അഗ്നിബാധയിൽ 27 പേർ മരിച്ചു. 63 പേർക്ക് പരിക്കേറ്റു. അർധരാത്രിയിൽ പാർട്ടി നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേരുടെ മൃതദേഹങ്ങൾ ശുചിമുറികളിൽ നിന്നാണ് കണ്ടെത്തിയത്.
അപകടസ്ഥലം തായ്‌ലൻഡ് പ്രധാനമന്ത്രി അനുട്ടിൻ ചർൺവിരാകുൽ സന്ദർശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 2022-ലും ബാങ്കോക്കിലെ ഒരു പബ്ബിൽ തീപിടിത്തമുണ്ടായി 14 പേർ മരിച്ചിരുന്നു.
ബാറിൽ തീ പടരുകയും പിന്നാലെ പൊട്ടിത്തെറികൾ ഉണ്ടാകുകയും ചെയ്തതോടെ ആളുകൾ ജീവൻ രക്ഷിക്കാൻ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
ഒന്നര മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അഗ്നിബാധ നിയന്ത്രണവിധേയമാക്കാനായത്. എന്നാൽ ഇതിനോടകം ബാർ പൂർണമായും കത്തി നശിച്ചു. കാണാതായവരുടെ കൃത്യമായ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
വാരാന്ത്യ ആഘോഷങ്ങളും പാർട്ടികളും നടക്കുന്നതിനാൽ അപകടസമയത്ത് ബാറിൽ വലിയ തിരക്കുണ്ടായിരുന്നു. കട്ട് ഓഫ് സ്വിച്ചിന്റെ ഭാഗത്ത് ആദ്യം തീ കണ്ടതായും പിന്നീട് സെക്കൻഡുകൾക്കകം തീ മറ്റ് ഭാഗങ്ങളിലേക്ക് പടർന്നതായും രക്ഷപ്പെട്ട ഒരാൾ പറഞ്ഞു.
ബാറിൽ പുക നിറഞ്ഞതോടെ ആളുകൾ പിൻവശത്തേക്കും ശുചിമുറികളിലേക്കും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. ശുചിമുറികളിൽ അഭയം തേടിയവരാണ് കൂടുതലായി മരണപ്പെട്ടത്.
ബാങ്കോക്കിലെ ഛാടുഛാകിസെ റോംഗ് ബീർ നാ ലാത് ഫാരോ എന്ന ബാറിലാണ് അപകടമുണ്ടായത്. മേഖലയിലെ പ്രധാന വിനോദകേന്ദ്രങ്ങളിലൊന്നായാണ് ഈ ബാർ അറിയപ്പെടുന്നത്.

