Home Keralaവിയറ്റ്നാം ബോട്ട് ദുരന്തം; മരിച്ച കൊട്ടാരക്കര ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും

വിയറ്റ്നാം ബോട്ട് ദുരന്തം; മരിച്ച കൊട്ടാരക്കര ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും

by news_desk1
0 comments

തിരുവനന്തപുരം: വിയറ്റ്നാമിലെ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അപകടത്തിൽ മരിച്ച എ. സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ നാളെ (തിങ്കൾ, 13/07/2026) രാത്രി 10 മണിയോടെ മുംബൈ വിമാനത്താവളത്തിലെത്തും.

മുംബൈയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹങ്ങൾ തുടർന്ന് കൊട്ടാരക്കരയിലെ വസതിയിലെത്തിക്കുന്നതിനുള്ള നടപടികൾ നോർക്ക ഏകോപിപ്പിക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹങ്ങൾ എത്തുന്ന സമയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

വിയറ്റ്നാമിലെ ഫു ക്വോക്കിന് സമീപമാണ് ബോട്ട് അപകടമുണ്ടായത്. ശക്തമായ കാറ്റും ഉയർന്ന തിരമാലകളും കാരണം ബോട്ട് മറിഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം. ബോട്ടിൽ 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമടക്കം 36 പേരുണ്ടായിരുന്നു. അപകടത്തിൽ 15 ഇന്ത്യൻ വിനോദസഞ്ചാരികൾ മരിച്ചു. 21 പേരെ രക്ഷപ്പെടുത്തി. മരിച്ചവരിൽ ഭൂരിഭാഗവും ദക്ഷിണേന്ത്യക്കാരാണ്.

അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും ലാവ മൊബൈൽസ് സംഘടിപ്പിച്ച വിനോദയാത്രയിലെ അംഗങ്ങളായിരുന്നു. വിതരണക്കാർക്കും ജീവനക്കാർക്കുമായി കമ്പനി സംഘടിപ്പിച്ച വിയറ്റ്നാം സന്ദർശനത്തിന്റെ ഭാഗമായാണ് ഇവർ യാത്രതിരിച്ചത്.

യാത്ര തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ തന്നെ ബോട്ട് തലകീഴായി മറിഞ്ഞെന്നാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ജീവനക്കാരൻ നിർമൽ കുമാർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞത്. ഏകദേശം 36 പേരാണ് ബോട്ടിലുണ്ടായിരുന്നതെന്നും ശക്തമായ തിരമാലകളെ തുടർന്ന് ബോട്ട് മറിഞ്ഞപ്പോൾ പിന്നിൽ ഉണ്ടായിരുന്നവരാണ് കൂടുതലായും മരണപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like