കോഴിക്കോട്: 1990-ൽ കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ തോക്ക് ചൂണ്ടി കവർച്ച നടത്തിയ കേസിലെ പ്രതി 36 വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിലായി. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി വി.കെ. ജോസിനെയാണ് മൈസൂരുവിൽ നിന്ന് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ താമസസ്ഥലത്ത് നിന്ന് തോക്കും പൊലീസ് കണ്ടെടുത്തു.
1990-ലാണ് തിരുവമ്പാടി–കൂമ്പാറ റൂട്ടിലോടിയിരുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ജോസിനെതിരെ തിരുവമ്പാടി പൊലീസ് കേസെടുത്തത്. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
കവർച്ചയ്ക്ക് ശേഷം മൈസൂരുവിലേക്ക് കടന്ന ജോസ്, ശിവകുമാർ എന്ന പേരിൽ വിവിധ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് അവർ പൊലീസ് കൺട്രോൾ റൂമിൽ സഹായം അഭ്യർഥിച്ച് വിളിച്ചു. പരാതി അന്വേഷിക്കാനെത്തിയ മൈസൂരുവിലെ നരസിംഹരാജ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് വർഷങ്ങൾ പഴക്കമുള്ള കേസിന്റെ ചുരുളഴിയാൻ തുടങ്ങിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ താമസസ്ഥലത്തെ കിടക്കയ്ക്കടിയിൽ നിന്ന് തോക്കും തിരിച്ചറിയൽ രേഖകളും കണ്ടെത്തി. ഇതോടെ കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തിരുവമ്പാടി എസ്.ഐയും സംഘവും മൈസൂരുവിലെത്തി പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

