തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്ന ലേഖനവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന രതീഷ് കാളിയാടൻ. പദ്ധതിയുമായി ബന്ധപ്പെട്ട കരാറിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്നാണ് ലേഖനത്തിലെ പ്രധാന നിരീക്ഷണം. എൽഡിഎഫ് മന്ത്രിസഭയിൽ ചർച്ച ചെയ്യാതെയാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നും അത് അപാകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പ്രധാന പ്രവർത്തകരിലൊരാളാണ് രതീഷ് കാളിയാടൻ.
ധാരണാപത്രത്തിൽ ഒപ്പുവെച്ച സാഹചര്യത്തിൽ പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് പിന്മാറാനാകുമോയെന്നത് നിയമവിദഗ്ധർ വിശദമായി പരിശോധിച്ച് വ്യക്തത വരുത്തേണ്ട വിഷയമാണെന്ന് ലേഖനത്തിൽ പറയുന്നു. പൊതുജന താൽപര്യം മുൻനിർത്തി 30 ദിവസത്തെ നോട്ടീസ് നൽകി കരാർ റദ്ദാക്കാനോ അവസാനിപ്പിക്കാനോ ഉള്ള അധികാരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് സ്കൂൾ എജ്യുക്കേഷൻ ആൻഡ് ലിറ്ററസിക്കാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും, അതിനാൽ സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി കരാറിൽ നിന്ന് പിന്മാറാനാകില്ലെന്നതാണ് പ്രാഥമിക വിലയിരുത്തലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
‘ഈ ധാരണാപത്രത്തിൽ എവിടെയും സംസ്ഥാന സർക്കാരിന് പിന്മാറാനുള്ള അവസരം ഉൾപ്പെടുത്തിയിട്ടില്ല. കരാറിലെ നിബന്ധനകളിൽ ഭേദഗതിയോ മാറ്റമോ വരുത്തണമെങ്കിൽ അത് ഇരുകക്ഷികളുടെയും പരസ്പര സമ്മതത്തോടെ മാത്രമേ സാധ്യമാകൂ. നിയമപരമായ സാധ്യതകൾക്കപ്പുറം രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ് പി.എം. ശ്രീ വിഷയത്തിൽ മതേതര കേരളം പ്രതീക്ഷിക്കുന്നത്. പ്രത്യേക സാമ്പത്തിക സമ്മർദ്ദ സാഹചര്യത്തിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചെങ്കിലും പദ്ധതി നടപ്പാക്കില്ലെന്ന മുൻ സർക്കാർ സ്വീകരിച്ച നിലപാട് നിലവിലെ സർക്കാരിനും തുടരാനാകും. പി.എം. ശ്രീ പദ്ധതിയും അതുമായി ബന്ധപ്പെട്ട ചർച്ചകളും അക്കാദമിക വിഷയത്തിനപ്പുറം രാഷ്ട്രീയ വിഷയമായി മാറിയിരിക്കുകയാണ്,’ ലേഖനത്തിൽ പറയുന്നു.
പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തിൽ സർക്കാരിന് മുന്നിലുള്ളത് രണ്ട് വഴികളാണെന്നും രതീഷ് കാളിയാടൻ വിലയിരുത്തുന്നു. ഒന്നാമതായി, ധാരണാപത്രത്തിൽ ഒപ്പുവെച്ച സാഹചര്യത്തിൽ പദ്ധതി നടപ്പാക്കി ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരമുള്ള മാതൃകാ വിദ്യാലയങ്ങളായി തെരഞ്ഞെടുത്ത സ്കൂളുകളെ വികസിപ്പിക്കുക. അല്ലെങ്കിൽ, സാമ്പത്തികമോ രാഷ്ട്രീയമോ ആയ വെല്ലുവിളികൾ ഉണ്ടായാലും പദ്ധതി നടപ്പാക്കില്ലെന്ന വ്യക്തമായ രാഷ്ട്രീയ തീരുമാനം സ്വീകരിക്കുക. ഏത് തീരുമാനം എടുത്താലും സർക്കാർ നേരിടേണ്ടിവരുന്ന വെല്ലുവിളി ചെറുതല്ലെന്നും അദ്ദേഹം ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

