ന്യൂഡൽഹി: ഹോർമുസിൽ ആക്രമിക്കപ്പെട്ട വാണിജ്യ കപ്പലിൽ 11 ഇന്ത്യക്കാർ ഉണ്ടായിരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇവരിൽ 10 പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കാണാതായ ഇന്ത്യക്കാരനായി തിരച്ചിൽ തുടരുകയാണെന്ന് ഒമാൻ അധികൃതർ അറിയിച്ചു.
ഒമാൻ തീരത്തിന് സമീപം ആക്രമിക്കപ്പെട്ടത് ജിഎഫ്എക്സ് ഗാലക്സി എന്ന വാണിജ്യ കപ്പലാണ്. ഇതിനിടെ, ഇറാൻ-അമേരിക്ക സമാധാന ധാരണ അട്ടിമറിക്കാൻ അന്താരാഷ്ട്ര തലത്തിൽ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ഇറാൻ രംഗത്തെത്തി. ഹോർമുസിൽ കപ്പലുകൾ ആക്രമിച്ചത് ധാരണ തകർക്കാൻ ലക്ഷ്യമിട്ട തീവ്ര വിഭാഗങ്ങളാണെന്ന് ഇറാൻ സമ്മതിച്ചതായി യു.എസ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാനെതിരെ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വിഷയത്തിൽ നയതന്ത്ര ചർച്ചകൾ സജീവമായി തുടരുകയാണ്.
അയത്തുള്ള അലി ഖംനഈയുടെ വിലാപയാത്ര നടക്കുന്നതിനിടെ പ്രകോപനമൊന്നുമില്ലാതെ ഹോർമുസിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടത് മധ്യസ്ഥ രാജ്യങ്ങളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ധാരണ തകർക്കാൻ ലക്ഷ്യമിട്ടത് ഇറാനിലെ തന്നെ ചില ഗ്രൂപ്പുകളാണെന്ന് ഇറാൻ സമ്മതിച്ചതായി അമേരിക്കൻ വൃത്തങ്ങളെ ഉദ്ധരിച്ച് സി.ബി.എസ്. ന്യൂസ് റിപ്പോർട്ട് ചെയ്തു.
സമാധാന ധാരണകൾ പാലിക്കുന്നതിൽ ഇറാന്റെ വിശ്വാസ്യതയെക്കുറിച്ച് സമീപ രാജ്യങ്ങൾക്കുപോലും സംശയങ്ങൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാകിസ്ഥാൻ പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണത്തിൽ, സംഭവത്തിന് പിന്നിൽ ഇസ്രയേലിനും അമേരിക്കയ്ക്കുമാണ് ഉത്തരവാദിത്തമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ആരോപിച്ചു. അമേരിക്കയുമായി അദ്ദേഹം ഒപ്പുവെച്ച ധാരണ ആഭ്യന്തര എതിർപ്പുകൾ മറികടന്നായിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഇറാൻ പ്രതിരോധത്തിലായ സാഹചര്യത്തിൽ അമേരിക്ക കൂടുതൽ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. യുറേനിയം ശേഖരം കൈമാറിയില്ലെങ്കിൽ ഇറാനുമായി കരാറില്ലെന്ന നിലപാടിലാണ് അമേരിക്ക.

