Home Internationalഹോർമുസ് പ്രതിസന്ധിക്ക് പിന്നാലെ യുഎസ്–ഇറാൻ ഏറ്റുമുട്ടൽ ശക്തം; ഗൾഫ് രാജ്യങ്ങളിലേക്കും ഇറാന്റെ തിരിച്ചടി ആക്രമണം

ഹോർമുസ് പ്രതിസന്ധിക്ക് പിന്നാലെ യുഎസ്–ഇറാൻ ഏറ്റുമുട്ടൽ ശക്തം; ഗൾഫ് രാജ്യങ്ങളിലേക്കും ഇറാന്റെ തിരിച്ചടി ആക്രമണം

by news_desk1
0 comments

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാനിലെ വിവിധ മേഖലകളിൽ അമേരിക്ക ആക്രമണം നടത്തി. തുറമുഖ നഗരമായ ജാസ്ക് ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ സ്‌ഫോടനമുണ്ടായി. ബുഷഹെർ പ്രവിശ്യയിൽ 12 സ്‌ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാനെതിരായ മൂന്നാംഘട്ട സൈനിക നടപടി ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. ഇറാൻ നടത്തിയ ആക്രമണത്തിൽ സൈപ്രസ് പതാകയുള്ള കണ്ടെയ്‌നർ കപ്പലിന്റെ എൻജിൻ റൂമിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായും ഒരു ജീവനക്കാരനെ കാണാതായതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

അതേസമയം, അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ഇറാൻ ഗൾഫ് രാജ്യങ്ങളിലേക്ക് തിരിച്ചടി ആക്രമണം നടത്തി. യുഎഇ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ബഹ്റൈനിൽ സൈറൺ മുഴങ്ങിയതിനെ തുടർന്ന് സുരക്ഷിത കേന്ദ്രങ്ങളിൽ തുടരാൻ ഖത്തർ ജനങ്ങൾക്ക് നിർദേശം നൽകി. മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതായി കുവൈറ്റ് അറിയിച്ചു. മിസൈൽ ആക്രമണം തടഞ്ഞതായി ഖത്തറും വ്യക്തമാക്കി.

ജോർദാനിലെ പ്രിൻസ് ഹസ്സൻ വ്യോമതാവളത്തെയും ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഒമാനിലെ ദുഖം തുറമുഖത്തും ആക്രമണം നടത്തിയതായി ഇറാൻ അറിയിച്ചു.

തങ്ങൾക്കുനേരെയുണ്ടായ ആക്രമണശ്രമങ്ങളെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പ്രതിരോധിച്ചതായി യുഎഇ അറിയിച്ചു. 69 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് യുഎഇ ആക്രമിക്കപ്പെട്ടത്. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ആക്രമണശ്രമങ്ങൾ ചെറുത്തതെന്നും നിലവിൽ കേൾക്കുന്ന സ്‌ഫോടന ശബ്ദങ്ങൾ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും കുവൈറ്റ് വ്യക്തമാക്കി. രാജ്യത്തെ എല്ലാ പൗരന്മാരും താമസക്കാരും ഔദ്യോഗിക സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

You may also like