ബെംഗളൂരു: പതിറ്റാണ്ടുകളോളം തന്റെ അനശ്വര ശബ്ദത്തിലൂടെ ഇന്ത്യൻ സംഗീതലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത പിന്നണി ഗായിക എസ്. ജാനകിക്ക് രാജ്യം ഇന്ന് അന്ത്യാഞ്ജലി അർപ്പിക്കും. ഇന്നലെ കൊച്ചുമകൾ അപ്സര ജാനകിയുടെ വിയോഗവാർത്ത അറിയിച്ചതിന് പിന്നാലെ മൈസൂരുവിലെ അപ്പോളോ ആശുപത്രിയിലേക്കും വസതിയിലേക്കും നിരവധി പേരാണ് അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്. കലാ, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും ആദരാഞ്ജലി അർപ്പിച്ചു.
രാവിലെ 8.30 മുതൽ മൈസൂരുവിലെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പൊതുദർശനം ഒരുക്കിയിട്ടുണ്ട്. വൈകീട്ട് കനിയനഹുണ്ടി ഫാം ഹൗസിൽ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം.
ഇരുപത് ഭാഷകളിലായി ഇരുപതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച എസ്. ജാനകിയുടെ വിയോഗം ഇന്ത്യൻ സംഗീതലോകത്തിന് തീരാനഷ്ടമാണെന്നാണ് വിവിധ മേഖലകളിൽ നിന്നുള്ള അനുശോചനങ്ങൾ. വ്യത്യസ്ത ഭാവങ്ങൾ അനശ്വരമാക്കിയ അതുല്യ ശബ്ദത്തിന്റെ ഉടമയായിരുന്നു ജാനകിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. തെന്നിന്ത്യയുടെ വാനമ്പാടി എന്ന വിശേഷണത്തിനും അപ്പുറമാണ് അവർ നൽകിയ സംഭാവനകളെന്നും അദ്ദേഹം അനുസ്മരിച്ചു.
മറ്റൊരു നാട്ടിൽ നിന്നെത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ മഹാഗായികയുടെ വിയോഗം ഒരു കാലഘട്ടത്തിന്റെ അവസാനമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചന കുറിപ്പിൽ രേഖപ്പെടുത്തി. കേരള സംസ്ഥാന പുരസ്‌കാരം നേടിയ ജാനകിയുടെ മൂന്ന് ഗാനങ്ങളിൽ രണ്ടെണ്ണം താൻ രചിച്ചതാണെന്ന് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയും ഓർമ്മിച്ചു. ശാസ്ത്രീയ സംഗീതം ഔപചാരികമായി അഭ്യസിക്കാതെയാണ് കല്യാണി പോലുള്ള രാഗങ്ങൾ അതിമനോഹരമായി ആലപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജാനകിയുടെ വിയോഗവാർത്ത അറിയിച്ച കൊച്ചുമകൾ അപ്സര, കുടുംബം കടുത്ത ദുഃഖത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഈ സമയത്ത് കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും അഭ്യർഥിച്ചിരുന്നു.
1956-ൽ ആകാശവാണി സംഘടിപ്പിച്ച അഖിലേന്ത്യാ സംഗീതമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ് ജാനകിയുടെ സംഗീതയാത്രയ്ക്ക് തുടക്കമായത്. ‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീതരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്.
1957-ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുള്‍ മൂടുകയോ എന്‍ വഴിയില്‍ ‘ എന്ന ഗാനത്തിലൂടെയാണ് മലയാളത്തിൽ ആദ്യമായി പാടിയത്. തുടർന്ന് ‘തളിരിട്ട കിനാക്കൾതൻ’, ‘അഞ്ജന കണ്ണെഴുതി’, ‘സൂര്യകാന്തീ’, ‘ഒരു കൊച്ചു സ്വപ്നത്തിന്’, ‘താമരക്കുമ്പിളിലല്ലോ മമഹൃദയം’ തുടങ്ങി അനവധി ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചു.
മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നാല് തവണ എസ്. ജാനകിയെ തേടിയെത്തി. 1977-ൽ ആദ്യ ദേശീയ പുരസ്‌കാരം നേടിയ അവർ, പിന്നീട് 1980, 1984, 1992 വർഷങ്ങളിലും ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കി. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മികച്ച പിന്നണി ഗായികയായി 14 തവണ ലഭിച്ചു. 2013-ൽ പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്‌കാരം അവർ നിരസിച്ചിരുന്നു.
1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച എസ്. ജാനകി മൂന്നാം വയസിൽ തന്നെ സംഗീതത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നു. സംഗീതജീവിതത്തിന്റെ വളർച്ചയിൽ അമ്മാവൻ ഡോ. ചന്ദ്രശേഖറിന്റെ നിർണായക പങ്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രോത്സാഹനത്തോടെയാണ് പിന്നീട് സംഗീത പഠനത്തിനായി മദ്രാസിലെത്തിയത്. പ്രണയം, വിരഹം, ഭക്തി, വാത്സല്യം, കുട്ടിത്തം തുടങ്ങി എല്ലാ ഭാവങ്ങളും അനശ്വരമാക്കിയ ആ ശബ്ദത്തിന് ഇന്ന് രാജ്യം അന്ത്യാഞ്ജലി അർപ്പിക്കുകയാണ്.

