കുടിവെള്ളമെന്ന് കരുതി കുടിച്ചത് ആസിഡ്; സീൽ ചെയ്ത കുപ്പിയിലെ ദുരൂഹ സംഭവം, യുവതി ഗുരുതരാവസ്ഥയിൽ
ഹാപ്പൂർ: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ കുടിവെള്ളമെന്ന് കരുതി കുപ്പിയിൽ നിന്ന് ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയിൽ. വായിലേക്ക് ആസിഡ് എത്തിയതിനെ തുടർന്ന് യുവതിയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹാപ്പൂരിലെ അർജുൻ നഗർ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വെള്ളിയാഴ്ച വൈകിട്ട് സ്വർണം വാങ്ങുന്നതിനായി ജ്വല്ലറിയിലെത്തിയ യുവതി, ഷോപ്പിംഗിനിടെ കടുത്ത ദാഹം അനുഭവപ്പെട്ടതിനെ തുടർന്ന് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു.
ഇതിനെ തുടർന്ന് ജ്വല്ലറിയിലെ ജീവനക്കാരൻ സമീപത്തെ ഒരു പലഹാരക്കടയിൽ നിന്ന് സീൽ ചെയ്ത കുപ്പിവെള്ളം വാങ്ങി യുവതിക്ക് നൽകി. എന്നാൽ കുടിവെള്ളമെന്ന് കരുതി കുപ്പിയിൽ നിന്ന് കുടിച്ചതിന് പിന്നാലെയാണ് അതിൽ ആസിഡായിരുന്നുവെന്ന് വ്യക്തമായത്. തുടർന്ന് യുവതിയുടെ ആരോഗ്യനില ഗുരുതരമാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

