Home Top Storiesവിഴിഞ്ഞത്ത് അദാനി പോർട്ടിന്റെ വൻ കരാർ ലംഘനം; ജി.എസ്.ടി ഇനത്തിൽ അവിഹിതമായി കൈവശപ്പെടുത്തിയത് 85 കോടി, പണം തിരിച്ചുപിടിച്ച് വിഴിഞ്ഞം തുറമുഖ കമ്പനി

വിഴിഞ്ഞത്ത് അദാനി പോർട്ടിന്റെ വൻ കരാർ ലംഘനം; ജി.എസ്.ടി ഇനത്തിൽ അവിഹിതമായി കൈവശപ്പെടുത്തിയത് 85 കോടി, പണം തിരിച്ചുപിടിച്ച് വിഴിഞ്ഞം തുറമുഖ കമ്പനി

by news_desk
0 comments

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് അദാനി പോർട്ട്സ് കരാർ വ്യവസ്ഥകൾ ലംഘിച്ച് കോടികളുടെ സാമ്പത്തിക ക്രമക്കേടിന് മുതിർന്നതായി സി.എ.ജി (CAG) കണ്ടെത്തൽ. തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്കായി സർക്കാർ നൽകിയ ഫണ്ടിൽ നിന്നും കരാറിന് വിരുദ്ധമായി ജി.എസ്.ടി (GST) ഇനത്തിൽ 85 കോടി രൂപയാണ് അദാനി പോർട്ട് കൈവശപ്പെടുത്തിയത്. അദാനി പോർട്ടിന്റെ പ്രത്യേക അപേക്ഷ പരിഗണിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി (VISL) 2023-ലാണ് ഈ തുക കൈമാറിയത്. എന്നാൽ, ഈ നടപടി കരാർ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണെന്ന് തുറമുഖ കമ്പനിയുടെ ഔദ്യോഗിക ഓഡിറ്റിങ്ങിൽ സി.എ.ജി വ്യക്തമാക്കുകയായിരുന്നു.

സി.എ.ജിയുടെ ഗുരുതരമായ കണ്ടെത്തലിനെ തുടർന്ന്, കരാറിന് വിരുദ്ധമായി അദാനി ഗ്രൂപ്പ് കരസ്ഥമാക്കിയ 85 കോടി രൂപയും വിഴിഞ്ഞം തുറമുഖ കമ്പനി വിജയകരമായി തിരിച്ചുപിടിച്ചു. ഡോ. ദിവ്യ എസ്. അയ്യർ തുറമുഖ കമ്പനിയുടെ മാനേജിങ് ഡയറക്ടർ (MD) ആയിരിക്കെയാണ് ശക്തമായ നടപടികളിലൂടെ ഈ തുക പൂർണ്ണമായും ഈടാക്കിയത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജി.എസ്.ടി വേണമെന്ന ആവശ്യവുമായി അദാനി പോർട്ട്സ് നേരത്തെ സംസ്ഥാന സർക്കാരിനെയും സമീപിച്ചിരുന്നു. എന്നാൽ ഉന്നതതല എംപവേർഡ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദാനി പോർട്ടിന്റെ ഈ അപേക്ഷ രണ്ടാം പിണറായി സർക്കാർ പൂർണ്ണമായി നിരസിക്കുകയായിരുന്നു. ഈ നിരസിക്കലിന് ശേഷവും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജി.എസ്.ടി വേണമെന്ന ആവശ്യത്തിൽ അദാനി പോർട്ട്സ് ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.

തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട തുടർച്ചയായ കരാർ ലംഘനങ്ങൾക്ക് കഴിഞ്ഞ രണ്ട് വർഷത്തിനിടെ വിഴിഞ്ഞം തുറമുഖ കമ്പനി അദാനി പോർട്ട്സിന് 15 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ടെന്ന വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ദിവ്യ എസ്. അയ്യർ എം.ഡി ആയിരുന്ന കാലയളവിലാണ് ഈ കർശന നടപടിയുമുണ്ടായത്. വ്യവസ്ഥകൾ പാലിക്കാത്തതിന് എട്ട് തവണയാണ് വിഴിഞ്ഞം കമ്പനി അദാനി പോർട്ട്സിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. ഓരോ വർഷവും കൃത്യമായ സാമ്പത്തിക അവലോകന റിപ്പോർട്ട് തുറമുഖ കമ്പനിക്ക് സമർപ്പിക്കണമെന്ന് കരാറിൽ കൃത്യമായി നിഷ്കർഷിച്ചിട്ടുള്ളതാണ്. എന്നാൽ അദാനി പോർട്ട്സ് ഇതുവരെ ഇത്തരമൊരു റിപ്പോർട്ട് നൽകാൻ തയ്യാറായിട്ടില്ല. ഇതിൽ വിശദീകരണം തേടി എം.ഡി കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും കൃത്യമായ മറുപടി നൽകാൻ അദാനി ഗ്രൂപ്പ് വിസമ്മതിക്കുകയായിരുന്നു.

You may also like