ആലപ്പുഴ: രാത്രി 10.30 കഴിഞ്ഞാൽ ജി. സുധാകരൻ വിളിക്കുന്ന കോളിന്റെ ടോണും ലാസ്യഭാവവും തങ്ങൾക്കറിയാമെന്ന് സിപിഎം നേതാവും എംഎൽഎയുമായ എച്ച് സലാം. “ഇതൊന്നും ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്” എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ സുധാകരൻ സ്വന്തം നിലയിൽ പിരിച്ച ലക്ഷക്കണക്കിന് രൂപയുടെ കണക്ക് പുറത്തുവിടണമെന്നും സലാം ആവശ്യപ്പെട്ടു.
അമ്പലപ്പുഴ എംഎൽഎ ജി. സുധാകരന്റെ ഓഫീസിലേക്ക് സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിന് ശേഷം സംസാരിച്ച സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ സുധാകരനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു.
കള്ളക്കേസുകൾ എടുക്കുന്ന പൊലീസുകാരെ കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയ ആർ. നാസർ, സുധാകരനെതിരെയും വിമർശനം ശക്തമാക്കി. തങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും ഇത്തരം നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ സുധാകരനെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം ജി. സുധാകരനും പാർട്ടിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഏറ്റവും പുതിയ സംഭവവികാസമാണ് ഇന്നത്തേത്. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി അമ്പലപ്പുഴയിൽ വിജയിച്ച സുധാകരൻ, ഡിവൈഎഫ്ഐയുടെ പൊതിച്ചോർ വിതരണത്തെ വിമർശിച്ച് നടത്തിയ സമീപകാല പരാമർശങ്ങളാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്.

