Home Keralaരണ്ട് മൂക്കുത്തികൾക്കായി വയോധികയെ ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹം കത്തിച്ച് കുഴിച്ചുമൂടി, കൊഴിഞ്ഞാമ്പാറ കൊലക്കേസിൽ രണ്ട് പേർ പിടിയിൽ

രണ്ട് മൂക്കുത്തികൾക്കായി വയോധികയെ ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹം കത്തിച്ച് കുഴിച്ചുമൂടി, കൊഴിഞ്ഞാമ്പാറ കൊലക്കേസിൽ രണ്ട് പേർ പിടിയിൽ

by news_desk1
0 comments

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കാണാതായ വയോധിക സരസമ്മാളിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. ആട്ടയാംപതി സ്വദേശി ഉദയകുമാറിനെയും സഹായിയായ 17 വയസ്സുകാരനെയും തമിഴ്നാട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, സരസമ്മാളിനെ ഉദയകുമാറിന്റെ വീട്ടിലെത്തിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയതാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കഴിഞ്ഞ മാസം 10-നാണ് സരസമ്മാളിനെ കാണാതായത്. മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു. കേസിലെ രണ്ടാം പ്രതിക്കെതിരെ നേരത്തെയും വിവിധ കേസുകൾ നിലവിലുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

രണ്ട് മൂക്കുത്തികൾ മോഷ്ടിക്കാനാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഉദയകുമാറിന്റെ വീട്ടിനകത്തേക്ക് സരസമ്മാളിനെ കൊണ്ടുപോയ ശേഷം ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തി. തുടർന്ന് നിലത്തുവീണ സരസമ്മാളിന്റെ നെഞ്ചിൽ ചവിട്ടുകയും കൊടുവാൾ ഉപയോഗിച്ച് കഴുത്തിൽ വെട്ടി മരണം ഉറപ്പാക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

ശേഷം മൃതദേഹം ശുചിമുറിയിലെ ഡ്രമ്മിൽ ഇട്ട് കത്തിച്ചു. ഭാഗികമായി കത്തിയ മൃതദേഹം ചാക്കിൽ കെട്ടി പ്രതിയുടെ വീടിന് പിറകുവശത്ത് കുഴിച്ചുമൂടുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

You may also like