Home Keralaഅപകടത്തിൽ പരിക്കേറ്റ് 12 ദിവസം ആശുപത്രിയിൽ; കുടുംബമറിഞ്ഞത് മരണശേഷം, മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

അപകടത്തിൽ പരിക്കേറ്റ് 12 ദിവസം ആശുപത്രിയിൽ; കുടുംബമറിഞ്ഞത് മരണശേഷം, മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

by news_desk1
0 comments

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 12 ദിവസം ചികിത്സയിൽ കഴിഞ്ഞ 58-കാരനെക്കുറിച്ച് കുടുംബം വിവരമറിഞ്ഞത് മരണശേഷം. കഴക്കൂട്ടം പള്ളിനട സ്വദേശി ജോൺസന്റെ കുടുംബമാണ് ആശുപത്രി അധികൃതർക്കെതിരെ ഗുരുതര അനാസ്ഥ ആരോപിച്ച് രംഗത്തെത്തിയത്.

ഒക്ടോബർ 17ന് പുലർച്ചെ കോട്ടയത്തേക്കു പോകാനായി കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിനു സമീപം അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചാണ് ജോൺസന് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാർ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.

അബോധാവസ്ഥയിലായിരുന്ന ജോൺസന്റെ കൈവശം ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഭാര്യയുടെയും മകന്റെയും ഫോൺ നമ്പറുകൾ എന്നിവയുണ്ടായിരുന്നിട്ടും കുടുംബത്തെയോ മെഡിക്കൽ കോളേജ് പൊലീസിനെയോ വിവരം അറിയിച്ചില്ലെന്നാണ് ആരോപണം. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ വസ്ത്രങ്ങളും രേഖകളും മാറ്റിയതായും കുടുംബം പറയുന്നു.

ജോൺസൻ കോട്ടയത്ത് എത്താതായതോടെ ബന്ധുക്കൾ പോത്തൻകോട് പൊലീസിൽ പരാതി നൽകി. ഇതിനിടെ ഒക്ടോബർ 27ന് അദ്ദേഹം മരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയപ്പോഴാണ് ജീവനക്കാരൻ രേഖകളിൽനിന്ന് വിലാസവും ഫോൺ നമ്പറുകളും കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസിനെ വിവരമറിയിച്ചു. ഒക്ടോബർ 28ന് ശ്രീകാര്യം പൊലീസ് മുഖേനയാണ് ബന്ധുക്കൾക്ക് മരണവിവരം ലഭിച്ചത്.

വ്യക്തമായ തിരിച്ചറിയൽ രേഖകളും കുടുംബാംഗങ്ങളുടെ ഫോൺ നമ്പറുകളും ഉണ്ടായിട്ടും ഭർത്താവിനെ ആരുമില്ലാത്ത രോഗിയായി മോർച്ചറിയിലെത്തിച്ചത് ആരാണെന്നാണ് ഭാര്യ ജി. ചന്ദ്രകലയുടെ ചോദ്യം. സംഭവത്തിൽ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ കുടുംബം പരാതി നൽകിയിട്ടുണ്ട്. അതേസമയം, ജോൺസന്റെ മരണശേഷമാണ് ആശുപത്രിയിൽനിന്ന് വിവരം ലഭിച്ചതെന്നാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ വിശദീകരണം.

You may also like