ചങ്ങനാശേരി: ഒരുകാലത്ത് നഗരത്തിലെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന മുനിസിപ്പൽ ആർക്കേഡ് ലഹരിവിൽപനയുടെ കേന്ദ്രമായി മാറിയെന്ന് ആരോപണം. തലയോലപ്പറമ്പിൽ 14.5 ഗ്രാം എംഡിഎംഎയുമായി പിടിയിലായ ചങ്ങനാശേരി സ്വദേശികൾ ആർക്കേഡിലെ മൊബൈൽ കടകളുടെ മറവിലാണ് ലഹരിവിൽപന നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. വണ്ടിപ്പേട്ട ചക്കാലയിൽ ജാഫർ ഇബ്രാഹിംകുട്ടി (33), പൊട്ടശേരി പുത്തൻപീടികയിൽ മുഹമ്മദ് സെയ്ദ് (26), കുന്നക്കാട് നെല്ലിപ്പറമ്പിൽ ബാദുഷ സാലി (28) എന്നിവരാണ് പിടിയിലായത്.
ആർക്കേഡിൽ മൊബൈൽ കട നടത്തിയിരുന്ന ജസീമും നേരത്തേ ലഹരിവിൽപനക്കേസിൽ അറസ്റ്റിലായിരുന്നു. ഇയാൾ റിമാൻഡിലാണ്. ജസീമിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആറു കടമുറികൾ പൊലീസ് പരിശോധനയ്ക്കുശേഷം അടപ്പിച്ചിരുന്നു. കടകളുടെ മറവിൽ വൻതോതിലുള്ള ലഹരിയിടപാടുകളാണ് നടന്നിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മൊബൈൽ കടയിലെ വരുമാനംകൊണ്ട് മാത്രം പ്രതിദിനം 2,000 രൂപ വരെ വാടക നൽകാനാകില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
അനധികൃതമായി കടമുറികൾ പ്രവർത്തിക്കുന്നതായി അറിഞ്ഞിട്ടും നഗരസഭ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതിയും ശക്തമാണ്. മുൻ കൗൺസിലറും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായ ഒരാൾ നിരവധി കടമുറികൾ സ്വന്തമാക്കി വച്ചിട്ടുണ്ടെന്നും അവ പ്രതിദിനം 1,500, 2,000 രൂപ നിരക്കിൽ വാടകയ്ക്ക് നൽകുന്നുണ്ടെന്നും ആരോപണമുണ്ട്. വാടക പിരിക്കാൻ നേതാവ് നേരിട്ടെത്താറുണ്ടെന്നും പരാതിക്കാർ പറയുന്നു.
തലയോലപ്പറമ്പിൽ പിടിയിലായ ജാഫറും ആർക്കേഡിൽ കട നടത്തുന്നുണ്ട്. ലഹരിക്കേസുകളിൽ ഉൾപ്പെട്ടവർക്ക് കടമുറികൾ ലഭിക്കാൻ രാഷ്ട്രീയ നേതാക്കളുടെ സഹായമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. അടുത്തിടെ ആർക്കേഡിൽ രണ്ടുതവണ വടിവാൾ ആക്രമണവും നടന്നിരുന്നു. ലഹരിവിൽപനയ്ക്കും അക്രമസംഭവങ്ങൾക്കും ഇടമൊരുക്കുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് മറ്റു വ്യാപാരികളുടെ ആവശ്യം.
