ഇടുക്കി: പൊന്മുടി ജലാശയത്തിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി. പണിക്കൻകൂടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ചിറയിൽ സന്തോഷിന്റെ മകൻ ക്രിസ്റ്റോ (14), തിങ്കൾക്കാട് സ്വദേശി ബ്രിജേഷിന്റെ മകൻ അരുൺ (14) എന്നിവരാണ് മരിച്ചത്.
ശബരിമലയ്ക്ക് പോകുന്ന സഹപാഠിയുടെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനായി പോയ എട്ടംഗ സംഘത്തിനൊപ്പമാണ് ഇരുവരും പൊന്മുടി ഡാമിലെത്തിയത്. മറ്റുള്ളവർ മടങ്ങിയെങ്കിലും ക്രിസ്റ്റോയും അരുണും ജലാശയത്തിൽ കുളിക്കാനിറങ്ങി. വൈകുന്നേരമായിട്ടും കുട്ടികൾ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ അണക്കെട്ടിനു സമീപത്തുനിന്ന് ബാഗും ചെരിപ്പും കണ്ടെത്തി.
രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ തൊടുപുഴയിൽനിന്നുള്ള ഫയർഫോഴ്സിന്റെ സ്കൂബാ സംഘവും ദേശീയ ദുരന്തനിവാരണ സേനയും (എൻഡിആർഎഫ്) സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
