തിരുവനന്തപുരം: പാറശ്ശാലയിൽ പട്ടാപ്പകൽ നിയമവിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമശ്രമം. ചെറുവാരക്കോണം സി.എസ്.ഐ. ലോ കോളേജിലെ വിദ്യാർഥിനിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗസംഘമാണ് വിദ്യാർഥിനിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്.
ചെറുവാരക്കോണം സി.എസ്.ഐ. ലോ കോളേജിലെ അവസാന വർഷ പരീക്ഷ എഴുതിയ ശേഷം ഉച്ചഭക്ഷണം കഴിക്കാനായി കാരുണ്യ ഹോട്ടലിലെത്തിയതായിരുന്നു വിദ്യാർഥിനികൾ. ഭക്ഷണം കഴിച്ച ശേഷം ബഥേൽ ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ ചെറുവാരക്കോണം ആർ.പി.എസ്. ട്രേഡേഴ്സിന് സമീപത്ത് വെച്ചാണ് സംഭവം.
ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗസംഘം വിദ്യാർഥിനികളിൽ ഒരാളെ കടന്നുപിടിച്ച ശേഷം അതിവേഗത്തിൽ രക്ഷപ്പെടുകയായിരുന്നു.
സംഭവത്തെ തുടർന്ന് വിദ്യാർഥിനി ആദ്യം പാറശ്ശാല പൊലീസിൽ പരാതി നൽകിയെങ്കിലും സംഭവം തമിഴ്നാട് അതിർത്തി പ്രദേശത്തായതിനാൽ കളിയിക്കാവിള പൊലീസിനെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പൊലീസ് അതിവേഗം പിടികൂടി. ബൈക്ക് ഓടിച്ചിരുന്ന കുരുന്തൻകോട് സ്വദേശി ഭാരതി ബാബുവിനെയും ലൈംഗികാതിക്രമശ്രമം നടത്തിയ 17കാരനെയും കളിയിക്കാവിള പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികളെ ഇന്ന് കുഴിത്തുറ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

