Home Keralaവിദ്യാർത്ഥികൾക്ക് ആശ്വാസം; ബസ് കൺസെഷൻ പ്രായപരിധി 27 വയസായി, യാത്രാ ദൂരപരിധി 40 കിലോമീറ്ററാക്കി എംവിഡി

വിദ്യാർത്ഥികൾക്ക് ആശ്വാസം; ബസ് കൺസെഷൻ പ്രായപരിധി 27 വയസായി, യാത്രാ ദൂരപരിധി 40 കിലോമീറ്ററാക്കി എംവിഡി

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥി ബസ് കൺസെഷൻ പ്രായപരിധി 27 വയസാക്കി ഉയർത്തി മോട്ടോർ വാഹന വകുപ്പ്. നേരത്തെ 24 വയസായിരുന്ന പ്രായപരിധിയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം വിദ്യാർത്ഥികളുടെ കൺസെഷൻ യാത്രാ ദൂരപരിധിയും 40 കിലോമീറ്ററായി വർധിപ്പിച്ചു.

സ്വകാര്യ ബസുകളിൽ കൺസെഷനെച്ചൊല്ലി വിദ്യാർത്ഥികളും ജീവനക്കാരും തമ്മിൽ പതിവായി ഉണ്ടാകുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ പുതിയ തീരുമാനം.

പുതിയ നിർദേശപ്രകാരം, രാവിലെ 6 മുതൽ വൈകിട്ട് 7 വരെ വിദ്യാർത്ഥികൾക്ക് കൺസെഷൻ നിരക്കിൽ യാത്ര ചെയ്യാം. എന്നാൽ മുഴുവൻ സമയ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കാണ് കൺസെഷന് അർഹത. ക്രാഷ് കോഴ്സുകൾ ചെയ്യുന്നവർക്കും പാർട്ട് ടൈം വിദ്യാർത്ഥികൾക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

കൺസെഷൻ വിതരണം കൂടുതൽ സുതാര്യമാക്കുന്നതിനായി നടപടിക്രമങ്ങൾ പൂർണമായും ഓൺലൈനാക്കും. ഇനി മുതൽ ‘MVD Leads’ മൊബൈൽ ആപ്പ് വഴിയായിരിക്കും വിദ്യാർത്ഥി ടിക്കറ്റ് കൺസെഷന് അപേക്ഷിക്കേണ്ടത്.

ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ‘MVD Leads’ ആപ്പിൽ രജിസ്റ്റർ ചെയ്യണം. മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി അംഗീകാരം നൽകിയ ശേഷമാണ് രജിസ്ട്രേഷൻ പൂർത്തിയാകുക. തുടർന്ന് വിദ്യാർത്ഥികൾക്ക് ആപ്പ് വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷ ലഭിച്ചാൽ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിന് അതിന്റെ അറിയിപ്പ് ലഭിക്കും. അപേക്ഷകൻ അവിടെ പഠിക്കുന്ന വിദ്യാർത്ഥിയാണെന്ന് സ്ഥിരീകരിച്ച ശേഷമേ കൺസെഷൻ അനുവദിക്കുകയുള്ളൂവെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

You may also like