Home Localആറ് ചാക്കുകളിൽ 5,000 ഹാൻസ് പാക്കറ്റുകൾ; സ്കൂട്ടർ ഡിക്കിയിലും നിരോധിത പുകയില, കോഴിക്കോട് മധ്യവയസ്കൻ പിടിയിൽ

ആറ് ചാക്കുകളിൽ 5,000 ഹാൻസ് പാക്കറ്റുകൾ; സ്കൂട്ടർ ഡിക്കിയിലും നിരോധിത പുകയില, കോഴിക്കോട് മധ്യവയസ്കൻ പിടിയിൽ

by news_desk1
0 comments

കോഴിക്കോട്: നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരവുമായി മധ്യവയസ്കൻ അറസ്റ്റിൽ. കോഴിക്കോട് രാമനാട്ടുകര അമ്പലക്കണ്ടി സ്വദേശി പള്ളിക്കര വീട്ടിൽ മുസ്തഫ (52)യെയാണ് ഫറോക്ക് എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

രാമനാട്ടുകര ഹെൽത്ത് സെന്ററിന് സമീപത്തെ നീലിത്തോട് പാലത്തിനടുത്തുള്ള ഹുസ്സൈൻ പുളിക്കൽ എന്നയാളുടെ വാടകവീട്ടിലാണ് മുസ്തഫ താമസിച്ചിരുന്നത്. ഇവിടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.

വീട് തുറന്ന് പരിശോധിച്ചപ്പോൾ ഒരു മുറിയിൽ സൂക്ഷിച്ചിരുന്ന ആറ് ചാക്കുകളിലായി ഏകദേശം 5,000 ഹാൻസ് പാക്കറ്റുകൾ പൊലീസ് കണ്ടെത്തി. തുടർന്ന് വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന കെ.എൽ 11 ബി.ടി 2179 നമ്പർ സ്കൂട്ടറിന്റെ ഡിക്കി പരിശോധിച്ചപ്പോൾ 180 ഹാൻസ് പാക്കറ്റുകൾ കൂടി കണ്ടെത്തി. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രാമനാട്ടുകരയിൽ സ്റ്റേഷനറി കട നടത്തുന്ന മുസ്തഫ, കടയുടെ മറവിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് മൊത്തമായും ചില്ലറയായും വിൽപ്പന നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. രാമനാട്ടുകര, ഫറോക്ക് മേഖലകളിലെ ഇതരസംസ്ഥാന തൊഴിലാളികൾ, വിദ്യാർത്ഥികൾ, യുവാക്കൾ തുടങ്ങിയവർ ഹാൻസ് വാങ്ങാൻ കടയിലെത്താറുണ്ടെന്നും ആവശ്യക്കാർക്ക് മൊത്തമായി എത്തിച്ച് നൽകാറുണ്ടെന്നും ഇയാൾ പൊലീസിനോട് മൊഴി നൽകിയതായി അധികൃതർ അറിയിച്ചു.

You may also like