കൽപറ്റ: സ്വർണവില കുത്തനെ താഴ്ന്നതോടെ സ്വർണപ്പണയ വായ്പയെടുത്തവർക്ക് തിരിച്ചടി. വായ്പയുടെ സുരക്ഷ ഉറപ്പാക്കാൻ അധിക തുക അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇടപാടുകാർക്ക് സന്ദേശമയച്ചുതുടങ്ങി. കൃഷി ആവശ്യങ്ങൾക്കടക്കം സ്വർണം പണയംവച്ച് വായ്പയെടുത്ത ആയിരക്കണക്കിനുപേരാണ് ഇതോടെ പ്രതിസന്ധിയിലായത്. വയനാട് ജില്ലയിൽ നിരവധി പേർക്കാണ് ഇത്തരം അറിയിപ്പുകൾ ലഭിച്ചത്.
സ്വർണവില 1.3 ലക്ഷത്തിനു മുകളിലായിരുന്ന സമയത്ത് പണയംവച്ച് വായ്പയെടുത്തവർക്കാണ് വിലയിടിവ് തിരിച്ചടിയായത്. അന്ന് ഉണ്ടായിരുന്ന വിലയിൽനിന്ന് ഏകദേശം 50,000 രൂപ കുറഞ്ഞതോടെ വായ്പ നൽകിയ സ്ഥാപനങ്ങൾക്ക് തിരിച്ചടവ് മുടങ്ങിയാൽ നഷ്ടമുണ്ടാകാനുള്ള സാഹചര്യമാണുള്ളത്. സ്വർണത്തിന്റെ മൂല്യത്തിന്റെ 75 ശതമാനം വരെയാണ് സഹകരണ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും സാധാരണയായി വായ്പയായി നൽകുന്നത്. തിരിച്ചടവ് മുടങ്ങിയാൽ വായ്പ നൽകിയ തുകയിൽ ബാങ്കുകൾക്ക് നഷ്ടം സംഭവിക്കാതിരിക്കാനാണ് അധിക തുക ആവശ്യപ്പെടുന്നത്.
നിലവിലെ വിലയിടിവോടെ ബാങ്കുകൾ വായ്പ നൽകിയ തുകയേക്കാൾ താഴ്ന്ന നിലയിലേക്ക് സ്വർണത്തിന്റെ മൂല്യമെത്തി. വായ്പയെടുത്തവർ തുക തിരിച്ചടയ്ക്കാതിരുന്നാൽ സ്ഥാപനങ്ങൾക്ക് നഷ്ടമുണ്ടാകാം. ബാങ്ക് ആവശ്യപ്പെടുന്ന അധിക തുക അടയ്ക്കാതിരിക്കുകയോ പണയസ്വർണം ഉപേക്ഷിക്കുകയോ ചെയ്താലും ഈ ബാധ്യതയിൽനിന്ന് ഇടപാടുകാർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് വായ്പാ കരാറിലെ വ്യവസ്ഥകൾ. സ്വർണവിലയിടിവ്, തിരിച്ചടവ് മുടങ്ങൽ, വ്യാജസ്വർണം പണയംവയ്ക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ സ്ഥാപനങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്താൻ വായ്പക്കാരൻ ബാധ്യസ്ഥനാണെന്ന് വായ്പയെടുക്കുമ്പോൾ ഒപ്പിടുന്ന ബോണ്ടിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, സ്വർണവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിൽ പണയസ്വത്ത് പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന. എന്നാൽ ബാങ്കുകൾ ആവശ്യപ്പെടുന്ന അധിക തുക ഇടപാടുകാർ അടയ്ക്കേണ്ടിവരും. സഹകരണ ബാങ്കുകളിൽ പലതും ഇത്തരം കടുത്ത നടപടികളിലേക്ക് സാധാരണയായി കടക്കാറില്ല. എന്നാൽ സ്വർണവില ഇനിയും താഴുകയാണെങ്കിൽ പണം തിരിച്ചുപിടിക്കാൻ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കാൻ ബാങ്കുകൾ നിർബന്ധിതരായേക്കും.
