Home Education/Careerപ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നുമുതൽ അപേക്ഷിക്കാം; ജൂലൈ 15 വരെ അവസരം

പ്ലസ് വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിന് ഇന്നുമുതൽ അപേക്ഷിക്കാം; ജൂലൈ 15 വരെ അവസരം

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് ഇന്നുമുതൽ അപേക്ഷ സമർപ്പിക്കാം. മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കുമാണ് അവസരം. ജൂലൈ 13 രാവിലെ 10 മുതൽ ജൂലൈ 15 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.

സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള ഒഴിവുകളും മറ്റ് വിവരങ്ങളും ജൂലൈ 13 രാവിലെ 9 മണിക്ക് പ്രവേശന വെബ്സൈറ്റിൽ https://hscap.kerala.gov.in പ്രസിദ്ധീകരിക്കും. പ്രസിദ്ധീകരിക്കുന്ന ഒഴിവുകൾ അടിസ്ഥാനമാക്കിയാണ് പുതിയ ഓപ്ഷനുകൾ നൽകേണ്ടത്.

നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും, മുഖ്യ അലോട്ട്മെന്റിൽ സീറ്റ് ലഭിച്ചിട്ടും പ്രവേശനം നേടിയിട്ടില്ലാത്തവർക്കും (നോൺ ജോയിനിങ്), പ്രവേശനം റദ്ദാക്കിയവർക്കും, ടി.സി. വാങ്ങി സ്ഥാപനത്തിൽ നിന്ന് വിട്ടവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ കഴിയില്ല.

തെറ്റായ വിവരങ്ങൾ നൽകിയതിനാൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിഷേധിക്കപ്പെട്ടവർക്ക് അപേക്ഷ പുതുക്കി സപ്ലിമെന്ററി അലോട്ട്മെന്റിൽ പങ്കെടുക്കാൻ അവസരം അനുവദിച്ചിട്ടുണ്ട്. അപേക്ഷയിലെ എല്ലാ വിവരങ്ങളും കൃത്യമായി പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

സപ്ലിമെന്ററി അലോട്ട്മെന്റ്: പ്രധാന നിർദേശങ്ങൾ

  • മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവർ “RENEW APPLICATION” ലിങ്ക് വഴി അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകൾ നൽകി അന്തിമമായി സമർപ്പിക്കണം.
  • ഇതുവരെ അപേക്ഷിക്കാത്തവർ “Create Candidate Login-SWS” വഴി ലോഗിൻ സൃഷ്ടിച്ച ശേഷം “APPLY ONLINE” ലിങ്ക് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കണം.
  • തെറ്റായ വിവരങ്ങൾ കാരണം പ്രവേശനം നിഷേധിക്കപ്പെട്ടവർ അപേക്ഷയിലെ പിഴവുകൾ തിരുത്തി വീണ്ടും അപേക്ഷിക്കണം.
  • സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുള്ള സ്കൂളുകളും കോമ്പിനേഷനുകളും മാത്രമേ ഓപ്ഷനായി തിരഞ്ഞെടുക്കാൻ കഴിയൂ.

മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കും അപേക്ഷിക്കാം

മെറിറ്റ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റിനോടൊപ്പം മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

You may also like