കുന്നംകുളം: തൃശൂർ ജില്ലയിലെ കുന്നംകുളത്ത് ഒരു കുടുംബത്തിന്റെ കൂട്ട ആത്മഹത്യാശ്രമത്തിൽ പിതാവും മകളും മരിച്ചു. ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പഴഞ്ഞി എം.ഡി. കോളജിന് സമീപം താമസിക്കുന്ന മാടക്കപറമ്പിൽ സിബി (50), മകൾ അലീന (19) എന്നിവരാണ് മരിച്ചത്. ഭാര്യ ബീന (40), മകൻ ആദിത്യൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിബിയെ വീട്ടുവളപ്പിലെ കിണറ്റിലും അലീനയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ബീനയെയും ആദിത്യനെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരെയും ആദ്യം ആശുപത്രിയിലെത്തിച്ച ശേഷം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വിദേശത്ത് ജോലി ചെയ്തിരുന്ന സിബി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. കടുത്ത സാമ്പത്തിക ബാധ്യതകളാണ് കൂട്ട ആത്മഹത്യാശ്രമത്തിന് പിന്നിലെ പ്രാഥമിക കാരണമെന്ന് പൊലീസ് സംശയിക്കുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേന സ്ഥലത്തെത്തി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കിണറ്റിൽ നിന്ന് സിബിയുടെ മൃതദേഹം പുറത്തെടുത്തത്.
സിബിയുടെയും അലീനയുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

