കൊച്ചി: തൃശൂർ ചെമ്പുക്കാവ് വില്ലേജിൽ വടക്കുന്നാഥൻ ദേവസ്വത്തിന് അവകാശപ്പെട്ട കോടികൾ വിലമതിക്കുന്ന ഭൂമി തിരികെ ലഭ്യമാക്കണമെന്ന ആവശ്യത്തിൽ നിർണായക ഇടപെടലുമായി കേരള ഹൈക്കോടതി. ഹർജി (WP(C) No. 7256 of 2021) പരിഗണിച്ച ജസ്റ്റിസ് രാജ വിജയരാഘവൻ വി., ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സംസ്ഥാന സർക്കാരിന് കർശന നിർദ്ദേശം നൽകി ഉത്തരവ് പുറപ്പെടുവിച്ചത്. ഹർജിക്കാരനായ കെ.ബി. സുമോദിന് വേണ്ടി അഡ്വ. അനുപമ സുബ്രഹ്മണ്യൻ കോടതിയിൽ ഹാജരായി.
ചെമ്പുക്കാവ് വില്ലേജിലെ സർവേ നമ്പറുകൾ 310/1, 310/2, 312/1, 312/2, 312/3 എന്നിവയിൽ ഉൾപ്പെട്ട ഏകദേശം 4.04 ഏക്കർ ഭൂമി വടക്കുന്നാഥൻ ദേവസ്വത്തിന് അടിയന്തരമായി തിരികെ നൽകണമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം. തർക്കഭൂമി മുൻകാല ചെമ്പുക്കാവ് ദേവസ്വത്തിന്റേതായിരുന്നുവെന്നും നിലവിൽ ഇത് വടക്കുന്നാഥൻ ദേവസ്വവുമായി നേരിട്ട് ബന്ധപ്പെട്ടതാണെന്നും വ്യക്തമാക്കുന്ന കൃത്യമായ രേഖകൾ ഹർജിക്കൊപ്പം സമർപ്പിച്ചിരുന്നു.
കേസിൽ തൃശൂർ തഹസിൽദാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഹർജിക്കാരുടെ വാദങ്ങൾക്ക് കരുത്തുപകരുന്നതാണ്. ബന്ധപ്പെട്ട സർവേ നമ്പറുകൾ സെറ്റിൽമെന്റ് രജിസ്റ്ററിലും അടിസ്ഥാന നികുതി രജിസ്റ്ററിലും (BTR) ‘ചെമ്പുക്കാവ് ദേവസ്വം’ എന്ന പേരിൽ തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് തഹസിൽദാർ കോടതിയെ ഔദ്യോഗികമായി അറിയിച്ചു. കൂടാതെ, സർവേ നമ്പർ 312/1, 312/2, 312/3 എന്നീ ഭൂമികൾ സ്റ്റേറ്റ് സൂവോ മ്യൂസിയം (സംസ്ഥാന മൃഗശാലാ അധികൃതർ) നിലവിൽ കൈവശം വച്ചിട്ടില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നും തഹസിൽദാർ ബോധിപ്പിച്ചു.
ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ശക്തമായ ഇടപെടൽ ഉണ്ടായിരിക്കുന്നത്. സർവേ നമ്പർ 312/1, 312/2, 312/3 ഭൂമി നിലവിൽ ഏത് അധികാരസ്ഥാപനത്തിന്റെ അനധികൃത കൈവശമാണെന്ന് വ്യക്തമായ വിവരം ശേഖരിക്കാൻ കോടതി ഉത്തരവിട്ടു. പ്രസ്തുത ദേവസ്വം ഭൂമി ഉടമസ്ഥരായ ദേവസ്വത്തിന് തിരികെ കൈമാറാൻ കഴിയാത്തതിന്റെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. ഇതിനായി ബന്ധപ്പെട്ട 1 മുതൽ 3 വരെയുള്ള സർക്കാർ അധികാരികളിൽ നിന്ന് അടിയന്തരമായി പ്രത്യേക നിർദ്ദേശങ്ങൾ തേടാൻ ഗവൺമെന്റ് പ്ലീഡറോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ദേവസ്വം ഭൂമിയുടെ ഉടമസ്ഥതയും കൈവശാവകാശവും സംബന്ധിച്ച വിഷയത്തിൽ സംസ്ഥാന സർക്കാർ ഇനി വ്യക്തമായ നിലപാട് കോടതിയെ അറിയിക്കേണ്ടി വരും. വൻ ഭൂമാഫിയാ ഇടപെടലുകൾ അടക്കം സംശയിക്കുന്ന ഈ കേസ് വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കും. കേസ് വരുന്ന ഓഗസ്റ്റ് 5-ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

