ബെംഗളൂരു: ബെംഗളൂരുവിൽ അമ്മയെയും മുത്തശ്ശിയെയും അമ്മാവനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കാമാക്ഷിപാളയ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടിഗെപാളയത്താണ് സംഭവം.
34 വയസ്സുകാരനായ പ്രശാന്താണ് അമ്മ മംഗളമ്മ (55), മുത്തശ്ശി നഞ്ചമ്മ (65), അമ്മാവൻ സതീഷ് (50) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സീലിങ് ഫാനിൽ തൂങ്ങി ജീവനൊടുക്കിയത്.
രാവിലെ ആറുമണിയോടെ പിതാവ് ചിക്കണ്ണ ജോലിക്കായി വീട്ടിൽ നിന്ന് പോയതിന് ശേഷമാണ് പ്രശാന്ത് വാക്കത്തി ഉപയോഗിച്ച് മൂവരെയും ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ കാമാക്ഷിപാളയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവറായിരുന്ന പ്രശാന്ത് മാനസിക സമ്മർദ്ദത്തിന് ചികിത്സ തേടിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
കൊല്ലപ്പെട്ട നഞ്ചമ്മ ഗാർമെന്റ് ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു. മംഗളമ്മ സ്വീപ്പറായി ജോലി ചെയ്തിരുന്നു. അവിവാഹിതനായ സതീഷ് പ്ലംബറായിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും പൊലീസ് അന്വേഷിച്ചുവരികയാണ്.

