തിരുവനന്തപുരം: പൊന്മുടി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ‘പ്രിയദർശിനി’ ബസുകളിൽ അമിതതിരക്കും അമിതഭാരവും സുരക്ഷാ ആശങ്ക ഉയർത്തുന്നതായി പരാതി. 22 കൊടുംവളവുകളുള്ള പൊന്മുടി പാതയിൽ അനിയന്ത്രിതമായ തിരക്കാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയെ ബാധിക്കുന്നതെന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ഡിപ്പോയിലെ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെങ്കിലും ഡ്രൈവറുടെ മനസാന്നിധ്യം മൂലം വൻ ദുരന്തം ഒഴിവായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കണമെന്ന ആവശ്യം വീണ്ടും ഉയർന്നത്.
അമിതഭാരം കാരണം ഹെയർപിൻ വളവുകളിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ബസുകളിലെ അമിതതിരക്ക് നിയന്ത്രിക്കാൻ പൊലീസിനും വനവകുപ്പ് ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ട് നേരിടുന്നതായും റിപ്പോർട്ടുണ്ട്. ബസുകളിൽ അനുവദനീയമായ യാത്രക്കാരുടെ എണ്ണം കർശനമായി പാലിക്കുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
കഴിഞ്ഞ ദിവസമാണ് പൊന്മുടിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പ്രിയദർശിനി കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്. വൈകിട്ട് അഞ്ച് മണിക്ക് ശേഷമായിരുന്നു സംഭവം.
നിയന്ത്രണം വിട്ട ബസ് ആറാം വളവിലെ കോൺക്രീറ്റ് ഭിത്തിയിൽ ഇടിപ്പിച്ച് ഡ്രൈവർ നിർത്തുകയായിരുന്നു. സമീപത്തെ കുഴിയിലേക്ക് ബസ് മറിയാനുള്ള സാധ്യത ഉണ്ടായിരുന്നുവെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി.
അപകടസമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് പൊന്മുടിയിലേക്ക് ആദ്യ സർവീസ് നടത്തിയ പ്രിയദർശിനി ബസാണ് അപകടത്തിൽപ്പെട്ടത്.

