Home Localകോയമ്പത്തൂരിൽ നിന്ന് കടൽ കാണാനെത്തിയ യുവാവ് തൃശൂരിൽ മുങ്ങിമരിച്ചു; കുളിക്കാനിറങ്ങിയതിനിടെ അപകടം

കോയമ്പത്തൂരിൽ നിന്ന് കടൽ കാണാനെത്തിയ യുവാവ് തൃശൂരിൽ മുങ്ങിമരിച്ചു; കുളിക്കാനിറങ്ങിയതിനിടെ അപകടം

by news_desk1
0 comments

തൃശൂർ: തളിക്കുളം സ്‌നേഹതീരം പാർക്കിന് വടക്കുഭാഗത്ത് കടലിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. കോയമ്പത്തൂർ ഉദുവാംപെട്ടി മെയിൻ റോഡിലെ ഷൺമുഖത്തിന്റെ മകൻ തമിളകൻ (27) ആണ് മരിച്ചത്.

കോയമ്പത്തൂരിൽ നിന്ന് ബൈക്കുകളിൽ കടൽ കാണാനെത്തിയ 13 അംഗ സംഘത്തിലെ ഒരാളായിരുന്നു തമിളകൻ. ഉച്ചയ്ക്ക് 12.30ഓടെ കടപ്പുറത്തെത്തിയ സംഘത്തിലെ നാല് പേർ കുളിക്കാനായി കടലിലിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. തീരക്കടലിലെ ശക്തമായ അടിയൊഴുക്കിൽപ്പെട്ട് തമിളകൻ മുങ്ങിപ്പോവുകയായിരുന്നു.

വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലീസും നാട്ടികയിൽ നിന്നുള്ള അഗ്‌നിരക്ഷാസേനയും ചാവക്കാട് ഡെപ്യൂട്ടി തഹസിൽദാർ പി.വി. ഫൈസൽ, തളിക്കുളം സ്‌പെഷ്യൽ വില്ലേജ് ഓഫീസർ ഒ.എസ്. സുഗന്ധി എന്നിവരും സ്ഥലത്തെത്തി.

അഴിക്കോട് തീരദേശ പൊലീസിന്റെ ബോട്ട് ഉപയോഗിച്ച് നടത്തിയ തെരച്ചിലിനിടെ, യുവാവ് ഒഴുക്കിൽപ്പെട്ട സ്ഥലത്തുനിന്ന് ഏകദേശം അര കിലോമീറ്റർ തെക്കുഭാഗത്ത് വൈകിട്ട് അഞ്ചുമണിയോടെ മൃതദേഹം കണ്ടെത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കോയമ്പത്തൂർ സ്വദേശികൾ തളിക്കുളം തീരത്ത് എത്തി അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. മുന്നറിയിപ്പുകൾ അവഗണിച്ചും കടലിന്റെ സ്വഭാവം അറിയാതെയും കുളിക്കാനിറങ്ങുന്നതാണ് അപകടങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ.

കോയമ്പത്തൂരിലെ ഒരു ടു വീലർ വർക്ക്‌ഷോപ്പിൽ മെക്കാനിക്കായിരുന്നു തമിളകൻ. മാതാവ് അയ്യമ്മാൾ. രണ്ട് സഹോദരങ്ങളുണ്ട്.

You may also like