ചെന്നൈ: മതാചാരങ്ങളുടെ പേരിൽ നദികളെ മലിനമാക്കാൻ പാടില്ലെന്ന് നിരീക്ഷിച്ച് മദ്രാസ് ഹൈക്കോടതി. മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാപരമായ അവകാശം പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടതാണെന്നും, ഭക്തർ ആത്മീയ ആവശ്യങ്ങൾക്കായി ചെയ്യുന്ന കാര്യങ്ങൾ പരിസ്ഥിതിക്ക് ദോഷകരമാകരുതെന്നും കോടതി വ്യക്തമാക്കി.
താമിരബരണി നദിയിൽ ഭക്തർ വസ്ത്രങ്ങൾ, ചെരിപ്പുകൾ, മറ്റ് വസ്തുക്കൾ എന്നിവ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ പരാമർശം. ദിവസേന ഏകദേശം ഒരു ടൺ മാലിന്യമാണ് നദിയിലേക്ക് തള്ളപ്പെടുന്നതെന്ന് ശുചീകരണ തൊഴിലാളി കോടതിയെ അറിയിച്ചിരുന്നു.
വിഷയം മതവിശ്വാസവുമായി ബന്ധപ്പെട്ടതിനാൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥനും ബി. പുഗലേന്തിയും ഉൾപ്പെട്ട പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ശവസംസ്കാര ചടങ്ങുകളുടെ ഭാഗമായി ടൺ കണക്കിന് വസ്ത്രങ്ങൾ, ചെരിപ്പുകൾ, ഗ്ലാസ് വസ്തുക്കൾ എന്നിവ താമിരബരണി നദിയിൽ ഉപേക്ഷിക്കുന്ന പതിവ് അവസാനിപ്പിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് കോടതി അറിയിച്ചു. ഇതുസംബന്ധിച്ച് പൊതുജനങ്ങളെ അറിയിക്കുകയും അവരുടെ അഭിപ്രായം ശേഖരിക്കുകയും ചെയ്യാൻ തിരുനെൽവേലി ജില്ലാ കളക്ടറോട് കോടതി നിർദേശിച്ചു.
അംബാസമുദ്രം താലൂക്കിലെ ഒരു മണ്ഡപത്തിനെതിരായ കുടിയൊഴിപ്പിക്കൽ നടപടിയെ ചോദ്യം ചെയ്ത ഹർജി പരിഗണിക്കവെയാണ് ഈ നിർദേശം നൽകിയത്.
പാപനാശം മുതൽ താമിരബരണിയിലെ വിവിധ കുളിക്കടവുകളിലേക്ക് ആയിരക്കണക്കിന് ഭക്തർ അന്ത്യകർമങ്ങൾ നടത്താൻ എത്താറുണ്ടെന്ന് അപ്പർ താമിരബരണി സബ് ഡിവിഷനിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കോടതിയെ അറിയിച്ചു. മരിച്ചവരുമായി ബന്ധപ്പെട്ട വസ്ത്രങ്ങൾ, ടവലുകൾ, ചെരിപ്പുകൾ തുടങ്ങിയവ ആചാരത്തിന്റെ ഭാഗമായി ഉപേക്ഷിക്കുന്ന പതിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആദി അമാവാസി പോലുള്ള പ്രത്യേക ദിവസങ്ങളിൽ പൂർവികർക്ക് ആദരാഞ്ജലി അർപ്പിക്കാൻ വലിയ തോതിൽ തീർഥാടകർ എത്തുന്നതായും ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.

