കൊച്ചി: കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നിർണായക ചോദ്യങ്ങളുമായി ഹൈക്കോടതി. സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ കോർപ്പറേഷനിൽ ഭരണം നഷ്ടപ്പെടുമോയെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ജയിലിൽ സത്യപ്രതിജ്ഞ നടത്തുന്നതിനെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാടും കോടതി തേടി.
സുഗതനെ ജനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണെന്ന കാര്യം അംഗീകരിക്കണമെന്നും, തെരഞ്ഞെടുപ്പിന് മുമ്പ് രജിസ്റ്റർ ചെയ്ത കേസുകളിലല്ലേ സുഗതനെതിരെ കാപ്പ ചുമത്തിയതെന്നും കോടതി ചോദിച്ചു. ഇത് അസാധാരണ സാഹചര്യമാണെന്നും ഉച്ചയ്ക്ക് രണ്ടുമണിക്ക് ഉത്തരവ് പുറപ്പെടുവിക്കാമെന്നും കോടതി അറിയിച്ചു.
സത്യപ്രതിജ്ഞ ജയിലിൽ വെച്ചുതന്നെ നടത്താമെന്ന സാധ്യതയാണ് കോടതി ചൂണ്ടിക്കാട്ടിയത്. കോടതി നിർദേശം നൽകിയാൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാമെന്നും, പരിമിതമായ അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം അനുവദിക്കാമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം, കാപ്പാ തടവുകാരന് ഭരണഘടനാപരമായ അവകാശങ്ങളില്ലെന്നാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് കോടതി വിശദമായ ഉത്തരവ് പുറപ്പെടുവിക്കും. സത്യപ്രതിജ്ഞ എപ്പോൾ, എങ്ങനെ നടത്തണമെന്ന കാര്യത്തിലും അന്നുതന്നെ വ്യക്തത വരും.
ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തതിനാൽ ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗൺസിലർമാരിൽ ഒരാളാണ് വാർഡ് 20-ലെ സുഗതൻ.
നേരത്തെ രണ്ട് കേസുകളിൽ നെടുമങ്ങാട് കോടതി സുഗതന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കാപ്പാ കേസിൽ നിന്ന് മോചിതനായാൽ മാത്രമേ ആ ജാമ്യം പ്രാബല്യത്തിൽ വരൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് ജയിൽ മോചനം ആവശ്യപ്പെട്ട് സുഗതൻ ഹൈക്കോടതിയെ സമീപിച്ചത്.
കഴിഞ്ഞ ജൂൺ 9 മുതൽ കാപ്പാ നിയമപ്രകാരം തടവിൽ കഴിയുന്ന സുഗതൻ നിലവിൽ വിയ്യൂർ സെൻട്രൽ ജയിലിലാണ്.

