കൊച്ചി: ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തിയ താൻ ഇന്ന് നായകനായി നിൽക്കുന്നത് വലിയ അനുഗ്രഹമാണെന്ന് നടൻ ജോജു ജോർജ്. റിലീസിന് ഒരുങ്ങുന്ന ‘വരവ്’ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് ചടങ്ങിലാണ് തന്റെ സിനിമാ യാത്രയെക്കുറിച്ചും സംവിധായകരായ ജോഷിയെയും ഷാജി കൈലാസിനെയും കുറിച്ചും ജോജു മനസുതുറന്നത്.
‘ജോസഫ്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടെയാണ് സംവിധായകൻ ജോഷി തന്നെ ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിലേക്ക് വിളിച്ചതെന്ന് ജോജു പറഞ്ഞു. ആ കഥാപാത്രം അവതരിപ്പിക്കാൻ തനിക്ക് കഴിയുമോയെന്ന ആത്മവിശ്വാസം പോലും അന്നില്ലായിരുന്നുവെന്നും, ആ ധൈര്യം തന്നത് ജോഷിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
“എന്നെ ഇടിക്കാൻ പഠിപ്പിച്ചയാളാണ് ജോഷി സാർ. മുടി കളർ ചെയ്ത് നരച്ച ലുക്കിൽ ‘ജോസഫ്’ ചെയ്യുന്നതിനിടെയാണ് അദ്ദേഹം എന്നെ വിളിച്ച് ‘പൊറിഞ്ചു’ ആക്കിയത്. ആ കഥാപാത്രം ചെയ്യാൻ പറ്റുമോയെന്നുപോലും എനിക്ക് ഐഡിയ ഉണ്ടായിരുന്നില്ല. ആ വിശ്വാസം തന്നത് ജോഷി സാറാണ്. അതിന് ശേഷമാണ് ‘ആന്റണി’ പോലുള്ള ചിത്രങ്ങൾ വന്നത്,” ജോജു പറഞ്ഞു.
സംവിധായകൻ ഷാജി കൈലാസിന്റെ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ച അനുഭവവും ജോജു പങ്കുവെച്ചു.
“‘ബാബാ കല്യാണി’യിൽ ഞാൻ ജൂനിയർ ആർട്ടിസ്റ്റായിരുന്നു. ആ സിനിമയുടെ സെറ്റിലാണ് ആദ്യമായി മോഹൻലാലിനെ അടുത്തുനിന്ന് കാണുന്നത്. അതിന് മുമ്പ് ‘വല്യേട്ടൻ’ സിനിമയുടെ ഷൂട്ടിങ് സെറ്റിന് പുറത്തുനിന്ന് നോക്കിനിൽക്കാൻ മാത്രമായിരുന്നു അവസരം. അവിടെ നിന്നാണ് ഇന്ന് ഷാജി സാറിന്റെ സിനിമയിൽ നായകനായി എത്തിയത്. അതിലേറെ വലിയ അനുഗ്രഹം വേറെയില്ല,” അദ്ദേഹം പറഞ്ഞു.
തിരക്കഥാകൃത്ത് എ.കെ. സാജനുമായി മുപ്പത് വർഷത്തിലേറെയായി തുടരുന്ന ബന്ധവും ജോജു ചടങ്ങിൽ ഓർമ്മിച്ചു.
‘വരവ്’ ഇന്ത്യയൊട്ടാകെയുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് ശ്രീ ഗോകുലം മൂവീസാണ്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും കുടുംബ വികാരങ്ങളും ഒരുമിക്കുന്നുവെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
ആക്ഷൻ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ഷാജി കൈലാസും, ശക്തമായ അഭിനയത്തിലൂടെ ശ്രദ്ധേയനായ ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. എ.കെ. സാജന്റെ തിരക്കഥയും സാം സി.എസ്. ഒരുക്കിയ സംഗീതവും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ ഉയർത്തുന്ന ഘടകങ്ങളാണ്.
ആക്ഷൻ ത്രില്ലറിനൊപ്പം കുടുംബവും പ്രതികാരവും അതിജീവനവും ചേർന്ന സമഗ്രമായ തിയേറ്റർ അനുഭവമാകും ചിത്രം നൽകുകയെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്.

