ചെന്നൈ: നിരവധി പ്രതിസന്ധികൾക്കൊടുവിൽ വിജയ് നായകനായ ‘ജനനായകൻ’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായതോടെ 13 കട്ടുകളോടെയാണ് സെൻസർ അനുമതി ലഭിച്ചത്. ചിത്രം ജൂലൈ 23 അല്ലെങ്കിൽ 24-ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
ഈ വർഷം ജനുവരിയിൽ പൊങ്കൽ റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്താനിരുന്ന ചിത്രമാണ് എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകൻ.
രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് വിജയ് അഭിനയിക്കുന്ന അവസാന ചിത്രമെന്ന പ്രത്യേകതയോടെയായിരുന്നു ജനനായകൻ പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ അപ്രതീക്ഷിതമായി സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതിനാൽ റിലീസ് നീണ്ടുപോവുകയായിരുന്നു. ഇതിനിടെ ചിത്രത്തിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ പ്രചരിച്ചതായും നിരവധി പേർ അത് കണ്ടതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
വിജയ് തമിഴ് മുഖ്യമന്ത്രിയായ സാഹചര്യത്തിൽ ചിത്രത്തെ വമ്പൻ ആഘോഷത്തോടെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ.
ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരുള്പ്പെടുന്ന വലിയ താരനിരയാണ് അണിനിരക്കുന്നത്. കലാമൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ. നാരായണയാണ് കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം നിർമിക്കുന്നത്.
വിജയ്യുടെ പ്രിയപ്പെട്ട സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്ലി, നെൽസൺ എന്നിവർ ജനനായകൻ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് വി. സെൽവകുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ഗാനരചന അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ്, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി.ആർ.ഒ.യും മാർക്കറ്റിങ് കൺസൾട്ടന്റുമായ പ്രതീഷ് ശേഖർ എന്നിവരാണ്.

