Home Entertainment‘അതിമനോഹരം’ ശബരിമലയിൽ ചിത്രീകരിക്കും; മോഹൻലാൽ–തരുൺ മൂർത്തി ചിത്രത്തിന് പ്രതീക്ഷയേറെ

‘അതിമനോഹരം’ ശബരിമലയിൽ ചിത്രീകരിക്കും; മോഹൻലാൽ–തരുൺ മൂർത്തി ചിത്രത്തിന് പ്രതീക്ഷയേറെ

by news_desk1
0 comments

ശബരിമലയിൽ ചിത്രീകരണത്തിന് അനുമതി ലഭിച്ചതോടെ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി ഒരുക്കുന്ന ‘അതിമനോഹരം’ ചിത്രത്തിന് പ്രതീക്ഷകളേറുന്നു. ‘തുടരും’ എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. മീര ജാസ്മിനാണ് നായിക.

ചിത്രത്തിൽ ലൗലജൻ എന്ന പൊലീസ് കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത് എന്നതാണ് പ്രത്യേകത. ഭക്തർക്കൊപ്പം പൊലീസ് യൂണിഫോമിൽ നിൽക്കുന്ന ലൗലജന്റെ ചിത്രമായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. ശബരിമലയിൽ ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കാനിരിക്കുകയാണ്. ഇതിനായി ‘അതിമനോഹരം’ ടീമിന് കഴിഞ്ഞ ദിവസം അനുമതി ലഭിച്ചു. ചിത്രം ഡിസംബറിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.

വർഷങ്ങൾക്ക് ശേഷം മോഹൻലാലും മീര ജാസ്മിനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘അതിമനോഹരം’. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന അപ്‌ഡേറ്റുകൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിനും വലിയ പ്രശംസ ലഭിച്ചിരുന്നു.

മലയാള സിനിമയിലെ വൻ വിജയമായ ‘തുടരും’ എന്ന ചിത്രത്തിന് ശേഷമാണ് തരുൺ മൂർത്തി മോഹൻലാലിനെ നായകനാക്കി ‘അതിമനോഹരം’ ഒരുക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന മോഹൻലാൽ ചിത്രമാണിത്.

ചിത്രത്തിന്റെ തിരക്കഥ രതീഷ് രവിയാണ് ഒരുക്കുന്നത്. ‘തുടരും’ ഉൾപ്പെടെയുള്ള മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്നു.

ബിനു പപ്പുവാണ് സഹസംവിധായകൻ. വിവേക് ഹർഷനാണ് എഡിറ്റിംഗ്. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും ഗോകുൽദാസ് ആർട്ട് ഡയറക്ഷനും നിർവഹിക്കുന്നു. മഷാർ ഹംസയാണ് കോസ്റ്റ്യൂം. സുധർമൻ പ്രൊഡക്ഷൻ കൺട്രോളറും റോണെക്‌സ് സേവ്യർ മേക്കപ്പും നിർവഹിക്കുന്നു. ഒബ്സ്ക്യൂറ എന്റർടൈൻമെന്റാണ് ഡിജിറ്റൽ മാർക്കറ്റിംഗ് നിർവഹിക്കുന്നത്.

You may also like