Home Sports6 വർഷത്തെ കാത്തിരിപ്പ്, ഇഷാന്‍റെ പ്രണയകഥയിലെ നായികയെ പരസ്യമാക്കി മുത്തച്ഛൻ.

6 വർഷത്തെ കാത്തിരിപ്പ്, ഇഷാന്‍റെ പ്രണയകഥയിലെ നായികയെ പരസ്യമാക്കി മുത്തച്ഛൻ.

by news_desk
0 comments

ഔറംഗബാദ്. ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ താരം ഇഷാൻ കിഷന്‍റെ പ്രണയം പരസ്യമാക്കി മുത്തച്ഛൻ. വർഷങ്ങളായി ആരാധകർക്കിടയിലുണ്ടായിരുന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ച്, മോഡൽ അദിതി ഹുണ്ടിയ ഇഷാന്‍റെ കാമുകിയാണെന്ന് മുത്തച്ഛൻ അനുരാഗ് പാണ്ഡെ സ്ഥിരീകരിച്ചു. ബിഹാറിലെ ഔറംഗബാദിൽ വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് അനുരാഗ് പാണ്ഡെ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇഷാൻ ആരെ വിവാഹം കഴിക്കാൻ തീരുമാനിച്ചാലും അത് എനിക്കും കുടുംബത്തിനും പൂർണ്ണ സമ്മതമാണ്. അദിതി ഇഷാന്‍റെ കാമുകിയാണ്. അവളൊരു മോഡലാണ്. കുട്ടികളുടെ സന്തോഷമാണ് ഞങ്ങൾക്ക് വലുത്. അവർക്ക് ഇഷ്ടമുള്ള ആളെ ഞങ്ങൾ സ്വീകരിക്കും എന്നായിരുന്നു അനുരാഗ് പാണ്ഡെ പറഞ്ഞത്.

ജയ്പൂർ സ്വദേശിയായ അദിതി ഹുണ്ടിയ 2017-ലെ ഫെമിന മിസ് ഇന്ത്യ മത്സരത്തിലെ ഫൈനലിസ്റ്റായിരുന്നു. 2017ലെ ‘മിസ് രാജസ്ഥാൻ’ കിരീടം സ്വന്തമാക്കിയതും അദിതിയായിരുന്നു. 2018ലെ മിസ് ഇന്ത്യ മത്സരത്തിലെ ഫൈനലിസ്റ്റും മിസ് സുപ്രനാഷണൽ ഇന്ത്യ കിരീടം നേടിയ താരവും കൂടിയാണ് അദിതി. 2019-ലെ ഐപിഎൽ ഫൈനലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചിരുന്ന ഇഷാൻ കിഷനെ പിന്തുണയ്ക്കാൻ ഗാലറിയിലെത്തിയപ്പോഴാണ് അദിതിയുടെ ചിത്രങ്ങൾ ആദ്യമായി വൈറലായത്. അന്ന് മുതൽ ‘മിസ്റ്ററി ഗേൾ’ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ഇവർ ചർച്ചയായിരുന്നു. കഴിഞ്ഞ ആറ് വർഷമായി ഇഷാനും അദിതിയും പ്രണയത്തിലാണെന്നും, ഇന്ത്യൻ ടീമിന്‍റെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇഷാനൊപ്പം അദിതിയും കൂടെയുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പ്രണയവാർത്തക്കിടെയും മൈതാനത്ത് ഇഷാൻ തകര്‍പ്പൻ ഫോമിലാണ്. കൊളംബോയിൽ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിൽ വെറും 40 പന്തിൽ നിന്ന് 77 റൺസെടുത്ത ഇഷാന്‍റെ ഇന്നിംഗ്സാണ് കളിയുടെ ഗതിമാറ്റിയത്. 10 ഫോറും 3 സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്‍റെ ഇന്നിംഗ്സ്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇഷാൻ കിഷൻ ലോകകപ്പിന് തൊട്ടു മുമ്പ് ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയത്. ലോകകപ്പിന് ശേഷം ഇഷാന്റെയും അദിതിയുടെയും വിവാഹം ഉണ്ടായേക്കുമെന്നാണ് ആരാധകർ ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

You may also like