കണ്ണൂർ: സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിനുള്ളിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടി ഓഫീസിന്റെ മൂന്നാം നില കേന്ദ്രീകരിച്ചാണ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിലെ പരാജയഭീതി മൂലം സിപിഐഎം പഴയ തന്ത്രങ്ങൾ വീണ്ടും പുറത്തെടുക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് ഓർമ്മിപ്പിച്ചുകൊണ്ടാണ് സിപിഐഎം ഇക്കുറി തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. കമ്മ്യൂണിസ്റ്റുകാർ വോട്ട് ചെയ്യുന്നത് പോലും പാർട്ടി ഭയപ്പെടുന്നു. തോൽവി ഉറപ്പായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ തരംതാണ വ്യക്തിഹത്യകളുമായി മുന്നോട്ടുപോവുകയാണ്. മുൻ മന്ത്രി ജി. സുധാകരനെ വർഗ്ഗീയവാദിയായി ചിത്രീകരിക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. ജി. സുധാകരനെ വിമർശിക്കുന്നതിന് മുൻപ് മുഖ്യമന്ത്രി സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്നത് നന്നായിരിക്കുമെന്നും കെ.സി. വേണുഗോപാൽ പരിഹസിച്ചു.
തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പിണറായി വിജയന്റെ രാഷ്ട്രീയ സ്ഥാനം മാലിന്യക്കൊട്ടയിലാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വയനാട് ഫണ്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ഫണ്ടിന്റെ കാര്യത്തിൽ വ്യക്തമായ കണക്കുണ്ടെന്നും അത് ബോധ്യപ്പെടുത്തേണ്ടയിടത്ത് ബോധ്യപ്പെടുത്തുമെന്നും സ്വയം പ്രതിരോധത്തിലായ ഒരു പാർട്ടി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി നൽകാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പയ്യന്നൂരിലെ വ്യാജ ആധാർ നിർമ്മാണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

