തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ ബിജെപി ഏജന്റെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കുറ്റം പറയാൻ മുഖ്യമന്ത്രി സ്വന്തം നാവ് വാടകയ്ക്ക് കൊടുക്കരുതെന്ന് അദ്ദേഹം പരിഹസിച്ചു. മോദിയെ പ്രീണിപ്പിക്കാനാണ് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ നിരന്തരം വിമർശിക്കുന്നതെന്നും ഈ ഉത്തരവാദിത്തം മുഖ്യമന്ത്രി അവസാനിപ്പിക്കുന്നതാണ് അദ്ദേഹത്തിന് നല്ലതെന്നും വേണുഗോപാൽ ഓർമ്മിപ്പിച്ചു. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ രാഹുൽ ഗാന്ധി ബിജെപിയുടെ ഏജന്റാണെന്ന് മുഖ്യമന്ത്രി ആരോപിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ഈ കടന്നാക്രമണം.
സംസ്ഥാനത്ത് നിലവിൽ യുഡിഎഫ് അനുകൂല തരംഗമാണ് വീശുന്നതെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും കെ.സി. വേണുഗോപാൽ പ്രത്യാശ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സമയം കുറച്ചു നൽകിയാൽ യുഡിഎഫിനെ തോൽപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും കൺവെൻഷനുകളിലെ വൻ ജനപങ്കാളിത്തം ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ വൻ ഭൂരിപക്ഷത്തോടെ നിയമസഭയിലെത്തുമെന്നും വെറുമൊരു എംഎൽഎ മാത്രമായിരിക്കില്ല അദ്ദേഹമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. ബിജെപിയും സിപിഎമ്മും തമ്മിൽ സംസ്ഥാനത്ത് രഹസ്യ ധാരണയുണ്ടെന്നും ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിൽ സിപിഎം അഡ്ജസ്റ്റ്‌മെന്റ് സ്ഥാനാർത്ഥികളെയാണ് നിർത്തിയിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

