തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമാണെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ വരുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. കേരളത്തിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും ആ വികാരം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. എൽഡിഎഫ് ഭരണം ജനങ്ങൾക്ക് വേണ്ടിയല്ല, മറിച്ച് ചില പ്രത്യേക വ്യക്തികൾക്ക് വേണ്ടിയാണെന്നും സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള കനത്ത തിരിച്ചടിയായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ പാർട്ടി തന്നെ ഇല്ലാതാകുമെന്ന് സിപിഐഎം അണികൾക്ക് പോലും ബോധ്യമുണ്ടെന്നും വേണുഗോപാൽ പരിഹസിച്ചു.
സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കപ്പെടുമെന്നും 26-ാം തീയതി കഴിയുന്നതോടെ വിമതരില്ലാതെ മുന്നണി ഒറ്റക്കെട്ടായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അർഹതയുള്ള നിരവധി നേതാക്കളുള്ള പാർട്ടിയായതിനാൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണ്. എല്ലാവരെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി എൽഡിഎഫിനെ ഭരണത്തിൽ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ പത്ത് വർഷത്തെ വികസന നേട്ടങ്ങൾ വെറും പി.ആർ ഏജൻസികളുടെ സൃഷ്ടി മാത്രമാണ്. പരസ്യങ്ങളും യാഥാർത്ഥ്യവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും ഇത്തരം പൊള്ളയായ പ്രചാരണങ്ങൾ സാധാരണക്കാർക്കിടയിൽ വിലപ്പോകില്ലെന്നും കെ.സി. വേണുഗോപാൽ കൂട്ടിച്ചേർത്തു.

