തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം പുരോഗമിക്കെ, സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കാൻ കഴിയാതെ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിൽ. ആകെയുള്ള 96 സീറ്റുകളിൽ 55 ഇടത്ത് മാത്രമാണ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. നിർണ്ണായകമായ 41 മണ്ഡലങ്ങളിൽ ഇനിയും പ്രഖ്യാപനം വരാനുണ്ട്. പത്രിക സമർപ്പിക്കാൻ സാങ്കേതികമായി മാർച്ച് 23 വരെ സമയമുണ്ടെങ്കിലും, ഇതിനിടയിൽ വരുന്ന ഞായറാഴ്ചയും പെരുന്നാൾ അവധിയും കാരണം ഇനി വെറും രണ്ട് ദിവസത്തെ പ്രവൃത്തി സമയം മാത്രമാണ് മുന്നിലുള്ളത്. അതായത് മാർച്ച് 21-നും 23-നും മാത്രമേ സ്ഥാനാർത്ഥികൾക്ക് പത്രിക നൽകാൻ സാധിക്കൂ.
പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെച്ചൊല്ലിയുള്ള തർക്കം തുടരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഗ്രൂപ്പ് വൈരവും മുതിർന്ന നേതാക്കളുടെ സീറ്റ് മോഹങ്ങളും പട്ടിക വൈകാൻ ഇടയാക്കി. പത്രിക സമർപ്പിക്കാൻ സമയം അതിക്രമിച്ചിട്ടും പട്ടിക പൂർത്തിയാകാത്തത് പ്രാദേശിക തലത്തിൽ വലിയ ആശയക്കുഴപ്പത്തിനും പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്. വരും മണിക്കൂറുകളിൽ ഡൽഹിയിൽ നിന്ന് അന്തിമ പട്ടിക പുറത്തുവന്നില്ലെങ്കിൽ പല മണ്ഡലങ്ങളിലും പത്രിക സമർപ്പണം ഉൾപ്പെടെയുള്ള നടപടികൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.

