Home Top Storiesനിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിയുന്നു; സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 സ്ഥാനാർത്ഥികൾ, പത്രിക പിൻവലിക്കാൻ നാളെ കൂടി സമയം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം തെളിയുന്നു; സൂക്ഷ്മപരിശോധനയ്ക്ക് ശേഷം 985 സ്ഥാനാർത്ഥികൾ, പത്രിക പിൻവലിക്കാൻ നാളെ കൂടി സമയം

by news_desk
0 comments

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ആകെ 985 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്. ആകെ സമർപ്പിക്കപ്പെട്ട 1,254 പത്രികകളിൽ 269 എണ്ണം വിവിധ കാരണങ്ങളാൽ തള്ളിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ പോരാട്ടത്തിനിറങ്ങുന്നത് കൊടുവള്ളി മണ്ഡലത്തിലാണ്; 17 പേർ. 16 സ്ഥാനാർത്ഥികളുമായി തിരുവനന്തപുരം മണ്ഡലമാണ് തൊട്ടുപിന്നിൽ. സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ നാളെ വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 957 സ്ഥാനാർത്ഥികളായിരുന്നു ജനവിധി തേടിയിരുന്നത്.

പത്രിക പിൻവലിക്കാനുള്ള സമയം നാളെ അവസാനിക്കുന്നതോടെ മാത്രമേ ഓരോ മണ്ഡലത്തിലെയും അന്തിമ മത്സരചിത്രം വ്യക്തമാകൂ. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികൾക്ക് തലവേദനയായി വിമത സ്ഥാനാർത്ഥികൾ രംഗത്തുണ്ട്. ഇവരെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് മുന്നണി നേതൃത്വങ്ങൾ. വിമതർ പിന്മാറുമോ അതോ മത്സരരംഗത്ത് ഉറച്ചുനിൽക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും വരുംദിവസങ്ങളിലെ രാഷ്ട്രീയ സമവാക്യങ്ങൾ. നാളെ വൈകുന്നേരത്തോടെ ചിഹ്നങ്ങൾ അനുവദിക്കുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടക്കും.

You may also like