Home Top Storiesകോഴിക്കോട് വലിയങ്ങാടിയിൽ തകര്‍ന്നത് 1977ൽ നിര്‍മിച്ച കെട്ടിടം, ബിജെപി കോര്‍പ്പറേഷൻ മാര്‍ച്ചിൽ സംഘര്‍ഷം, പണിമുടക്കി തൊഴിലാളികള്‍, വ്യാപക പ്രതിഷേധം

കോഴിക്കോട് വലിയങ്ങാടിയിൽ തകര്‍ന്നത് 1977ൽ നിര്‍മിച്ച കെട്ടിടം, ബിജെപി കോര്‍പ്പറേഷൻ മാര്‍ച്ചിൽ സംഘര്‍ഷം, പണിമുടക്കി തൊഴിലാളികള്‍, വ്യാപക പ്രതിഷേധം

by news_desk
0 comments

കോഴിക്കോട്. കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്‍റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണുണ്ടായ അപകടത്തിൽ 3 പേര്‍ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി തൊഴിലാളികള്‍. വലിയങ്ങാടിയിലെ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്കി കൊണ്ടുള്ള തൊഴിലാളികളുടെ പ്രതിഷേധം ആരംഭിച്ചു. ഇതോടെ വലിയങ്ങാടിയിൽ നിന്നുള്ള ചരക്ക് നീക്കം ഉള്‍പ്പെടെ തടസപ്പെടും. അപകടത്തിൽ പ്രതിഷേധവുമായി ബിജെപി കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷമുണ്ടായി. കോര്‍പ്പറേഷനിലെ മേയറുടെ ചേംബറിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ കയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വാക്കേറ്റവും ഉണ്ടായി. സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും. അപകടത്തിൽ കോര്‍പ്പറേഷനതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

തകർന്നത് 1977 ൽ തുടങ്ങിയ കെട്ടിടമാണെന്നും 50 വർഷത്തെ പഴക്കമുണ്ടെന്നും കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവ് എസ്‍കെ അബൂബക്കര്‍ പറഞ്ഞു. 1980 മുതൽ ഈ കെട്ടിടത്തിൽ പാസ്പോർട്ട് ഓഫീസ് പ്രവർത്തിച്ചിരുന്നു. മരിച്ചവർക്ക് നഷ്ട പരിഹാരവും പരിക്കേറ്റവരുടെ ചികിത്സ ചിലവും ഏറ്റെടുക്കണം അബൂബക്കര്‍ ആവശ്യപ്പെട്ടു. 2024 ൽ പുതിയ കെട്ടിടത്തിന് ഡിപിആര്‍ തയ്യാറാക്കിയിരുന്നു. എന്നിട്ടും ഒഴിയാൻ നിർദേശിക്കാത്തത് എന്തുകൊണ്ടാണെന്നും അബൂബക്കര്‍ ചോദിച്ചു. ഇതേ കെട്ടിടത്തിൽ മാസങ്ങൾക്കു മുൻപ് പുതിയ സ്ഥാപനത്തിന് ലൈസൻസ് നൽകിയെന്നും പ്രതിപക്ഷം ആരോപിച്ചു. തകര്‍ന്ന കെട്ടിടത്തിന്‍റെ മുകളിൽ നേരത്തെ ഫിറ്റ്നസ് സെന്‍ററടക്കം പ്രവര്‍ത്തിച്ചിരുന്നു. അപകാടവസ്ഥയിലായിട്ടും കെട്ടിടം ഒഴിയാൻ നിര്‍ദേശം കൊടുക്കാത്തത് കോര്‍പ്പറേഷന്‍റെ അനാസ്ഥയാണെന്നാണ് പ്രതിപക്ഷ ആരോപണം.

കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്നുള്ള അപകടത്തിൽ ജബ്ബാര്‍, അഷ്റഫ്, ബഷീര്‍ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അ‍ഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരിൽ മൂന്ന് പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടുപേര്‍ ചികിത്സയിൽ തുടരുകയാണ്. ബീച്ചിലെ പഴയ പാസ്പോർട്ട് ഓഫീസ് കെട്ടിടമാണ് തകർന്നുവീണത്. മരിച്ച ഇരുവരും ലോഡിങ് തൊഴിലാളികളാണ്. കിനാശ്ശേരി സ്വദേശിയാണ് ജബ്ബാര്‍. തൊട്ടടുത്തുള്ള സ്ഥാപനത്തിന്‍റെ ഗോഡൗണായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ കെട്ടിടം. ഇവിടേക്കുള്ള സാധനങ്ങള്‍ ഇറക്കിയതിന് ശേഷം ഷട്ടറിനോട് ചേര്‍ന്നുള്ള തറയിലിരുന്ന് വിശ്രമിക്കുകയായിരുന്നു ഇവര്‍. ആ സമയത്താണ് കെട്ടിടത്തിന്‍റെ സ്ലാബ് തകര്‍ന്നു വീണത്. ഏഴുപേരിൽ രണ്ട് പേര്‍ക്ക് ഓടി മാറാൻ സാധിച്ചു. എന്നാൽ, ബാക്കി അഞ്ചു പേരുടെ മുകളിലേക്ക് സ്ലാബ് പതിക്കുകയായിരുന്നു. കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിട ഭാഗമാണ് തകര്‍ന്നത്. കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കെട്ടിടത്തിലേക്ക് ഇനി ആളുകളെ പ്രവേശിപ്പിക്കില്ലെന്ന് സ്ഥലത്തെത്തിയ മേയര്‍ വ്യക്തമാക്കി.

You may also like