തൃശൂർ: കെ.എസ്.ആർ.ടി.സിയുടെ അനാസ്ഥയെത്തുടർന്ന് തൃശൂർ-പാലക്കാട് റൂട്ടിൽ യാത്രക്കാർ ദുരിതത്തിലായി. പന്നിയങ്കര ടോൾ പ്ലാസയിൽ ബസ്സിലെ ഫാസ്‌ടാഗിൽ (Fastag) മതിയായ ബാലൻസ് ഇല്ലാത്തതിനെത്തുടർന്ന് ടോൾ അധികൃതർ ബസ് തടഞ്ഞു. ഇതോടെ മുപ്പതോളം വരുന്ന യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിടുന്ന സാഹചര്യമാണുണ്ടായത്.
സംഭവത്തെക്കുറിച്ച് യാത്രക്കാരനായ ജയദീപ് പറയുന്നത് ഇങ്ങനെ,
“യാത്രക്കാരുടെ സമയം വിലമതിക്കാത്ത കെ.എസ്.ആർ.ടി.സിയുടെ നടപടിയിൽ വലിയ പ്രതിഷേധമുണ്ട്. ഫാസ്‌ടാഗിൽ പണമില്ലെന്ന നിസ്സാര കാരണത്താൽ ബസ്സ് കടത്തിവിടാത്ത സാഹചര്യം ഒരു പൊതുഗതാഗത സംവിധാനത്തിന് തന്നെ അപമാനമാണ്. സ്ത്രീകളും മുതിർന്ന പൗരന്മാരും അടക്കമുള്ള യാത്രക്കാർ പാതിവഴിയിൽ ഇറങ്ങേണ്ടി വന്നു. പിന്നീട് പിന്നാലെ വന്ന മറ്റൊരു ബസ്സിലാണ് യാത്രക്കാരെ കയറ്റിവിട്ടത്.”
ദേശീയപാതയിലെ ഏറ്റവും ഉയർന്ന നിരക്കുള്ള ടോൾ പ്ലാസകളിൽ ഒന്നായ പന്നിയങ്കരയിൽ, സർവ്വീസ് തുടങ്ങുന്നതിന് മുൻപ് തന്നെ ഇത്തരം സാങ്കേതിക കാര്യങ്ങൾ പരിശോധിക്കേണ്ടതായിരുന്നുവെന്ന് യാത്രക്കാർ ആരോപിക്കുന്നു. ബസ്സ് ജീവനക്കാരും അധികൃതരും തമ്മിലുള്ള ഏകോപനമില്ലായ്മയാണ് സാധാരണക്കാരായ യാത്രക്കാരെ ദുരിതത്തിലാക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ ഈ നടപടിക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനൊരുങ്ങുകയാണ് യാത്രക്കാർ.
