തിരുവനന്തപുരം: കോവിഡ് കാലത്ത് മരുന്നുകളും പ്രതിരോധ ഉപകരണങ്ങളും വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സർക്കാരിന് 50 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഓഡിറ്റ് റിപ്പോർട്ട്. എൻ-95 മാസ്കുകൾ വാങ്ങിയതിൽ എട്ട് കോടി രൂപയുടെയും പിപിഇ കിറ്റുകൾ വാങ്ങിയതിൽ അഞ്ച് കോടി രൂപയുടെയും നഷ്ടം സംഭവിച്ചുവെന്ന് 74 പേജുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നു. കോവിഡ് കാലത്തെ ഇടപാടുകളിൽ വലിയ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന കണ്ടെത്തലുകൾ.
വിപണി വിലയേക്കാൾ ഉയർന്ന നിരക്കിൽ സാധനങ്ങൾ വാങ്ങിയതാണ് കോടികളുടെ നഷ്ടത്തിന് കാരണമായതെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്റ്റോക്ക് എത്രയുണ്ടെന്ന് കൃത്യമായി പരിശോധിക്കാതെ മരുന്നുകൾ വാരിക്കൂട്ടിയതും തിരിച്ചടിയായി. വാങ്ങിയ വിലയേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ പിന്നീട് ഇവ വിറ്റഴിക്കേണ്ടി വന്നു. പല കമ്പനികൾക്കും ഉപകരണങ്ങൾ കൈമാറുന്നതിന് മുൻപ് തന്നെ മുഴുവൻ തുകയും നൽകിയതായും ഓഡിറ്റിൽ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് കാലത്തിന് ശേഷവും ഇത്തരം അശാസ്ത്രീയമായ ഇടപാടുകൾ തുടർന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
നേരത്തെ സമാനമായ ആരോപണങ്ങൾ ഉയർന്നപ്പോൾ, അസാധാരണമായ സാഹചര്യത്തിൽ ലാഭനഷ്ടങ്ങൾ നോക്കാതെ മനുഷ്യജീവൻ രക്ഷിക്കാനാണ് മുൻഗണന നൽകിയതെന്നായിരുന്നു മുൻ ആരോഗ്യമന്ത്രിയുൾപ്പെടെയുള്ളവർ വിശദീകരിച്ചിരുന്നത്. എന്നാൽ അനാവശ്യമായ സ്റ്റോക്ക് ശേഖരണവും ചട്ടങ്ങൾ ലംഘിച്ചുള്ള പണമിടപാടുകളും വൻ സാമ്പത്തിക ബാധ്യത വരുത്തിവെച്ചുവെന്നാണ് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. വരും ദിവസങ്ങളിൽ ഈ റിപ്പോർട്ട് സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിതെളിക്കുമെന്ന് ഉറപ്പായി.

