Home Keralaശബരിമല സ്വർണ്ണക്കൊള്ള: സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല, എന്നാൽ കൂടിക്കാഴ്ചയിൽ ദുരൂഹതയുണ്ടെന്ന് എം.എ. ബേബി

ശബരിമല സ്വർണ്ണക്കൊള്ള: സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല, എന്നാൽ കൂടിക്കാഴ്ചയിൽ ദുരൂഹതയുണ്ടെന്ന് എം.എ. ബേബി

by news_desk
0 comments

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വ്യക്തിപരമായ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സി.പി.ഐ.എം രാഷ്ട്രീയ കാര്യ സമിതി അംഗം എം.എ. ബേബി. സോണിയ ഗാന്ധിക്കെതിരെ ഇതുവരെ തെളിവുകളൊന്നും പുറത്തുവന്നിട്ടില്ലെന്നും നിലവിൽ പ്രചരിക്കുന്ന ചിത്രങ്ങൾ മാത്രം മുൻനിർത്തി അത്തരമൊരു ആരോപണം ഉന്നയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കേസിലെ പ്രതികൾ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വലിയ ദുരൂഹതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വർണ്ണക്കൊള്ളയിലെ പ്രധാന പ്രതികൾക്ക് സാധാരണക്കാർക്ക് എളുപ്പത്തിൽ കടന്നുചെല്ലാൻ കഴിയാത്ത ഇടങ്ങളിൽ ഒന്നിലധികം തവണ പ്രവേശനം ലഭിച്ചത് സംശയകരമാണ്. ഈ കൂടിക്കാഴ്ചകൾ എന്തിനായിരുന്നു എന്നതിൽ വ്യക്തത വരണമെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും എം.എ. ബേബി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ എല്ലാ വശങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്.

കേസുമായി ബന്ധപ്പെട്ട് ദേവസ്വം മുൻ പ്രസിഡന്റ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത് ചുമതലയിൽ വീഴ്ച വരുത്തി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ഇത് കേവലം ഔദ്യോഗിക വീഴ്ചയാണോ അതോ ബോധപൂർവ്വമായ ഇടപെടലാണോ എന്നതിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. പാർട്ടി തണലിൽ ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാൽ അവരെ സംരക്ഷിക്കില്ലെന്നും മുൻകാലങ്ങളിലെന്നപോലെ അത്തരക്കാരെ കർശനമായി പുറത്താക്കുമെന്നും എം.എ. ബേബി വ്യക്തമാക്കി. തെറ്റുകാരെ സംരക്ഷിക്കുന്ന നിലപാട് പാർട്ടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like