Home Internationalസഞ്ചാരികളുടെ ഭക്ഷണത്തിൽ വിഷം കലർത്തി ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം; എവറസ്റ്റിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്

സഞ്ചാരികളുടെ ഭക്ഷണത്തിൽ വിഷം കലർത്തി ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം; എവറസ്റ്റിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്

by news_desk
0 comments

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കാനെത്തുന്ന വിനോദസഞ്ചാരികളെ ബോധപൂർവ്വം അസുഖബാധിതരാക്കി ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിന്റെ പേരിൽ കോടികളുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്ന വൻ റാക്കറ്റ് നേപ്പാളിൽ പിടിയിലായി. വിനോദസഞ്ചാരികളുടെ ഭക്ഷണത്തിൽ രഹസ്യമായി ബേക്കിംഗ് സോഡ കലർത്തി അവശരാക്കിയ ശേഷമാണ് രക്ഷാപ്രവർത്തനമെന്ന വ്യാജേന തട്ടിപ്പ് നടത്തുന്നത്. ഏകദേശം 167 കോടി രൂപയുടെ (20 മില്യൺ ഡോളർ) ഇൻഷുറൻസ് തട്ടിപ്പ് നടന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ ട്രെക്കിംഗ് ഏജൻസി ഉടമകൾ, ഹെലികോപ്റ്റർ ഓപ്പറേറ്റർമാർ, ആശുപത്രി എക്സിക്യൂട്ടീവുകൾ എന്നിവരടങ്ങുന്ന 32 പേർക്കെതിരെ നേപ്പാൾ പോലീസ് കേസെടുത്തു.

എവറസ്റ്റ് ഗൈഡുകൾ സഞ്ചാരികളുടെ ഭക്ഷണത്തിൽ ബേക്കിംഗ് സോഡ കലർത്തുന്നതാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം. ഇത് കഴിക്കുന്നതോടെ സഞ്ചാരികൾക്ക് കഠിനമായ ദഹനപ്രശ്നങ്ങളും വയറുവേദനയും അനുഭവപ്പെടും. ഉയർന്ന മലനിരകളിൽ ഓക്സിജൻ കുറയുന്നതുമൂലം ഉണ്ടാകുന്ന ‘ആൾട്ടിറ്റ്യൂഡ് സിക്നസ്’ ആണെന്ന് സഞ്ചാരികളെ തെറ്റിദ്ധരിപ്പിച്ചാണ് വൻതുക ഈടാക്കുന്ന ഹെലികോപ്റ്റർ ആംബുലൻസുകളിൽ ഇവരെ കയറ്റുന്നത്. തുടർന്ന് വ്യാജ മെഡിക്കൽ രേഖകളും ഫ്ലൈറ്റ് രേഖകളും ചമച്ച് അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളിൽ നിന്ന് പണം തട്ടിയെടുക്കുന്നതാണ് ഈ സംഘത്തിന്റെ രീതി.

ജനുവരി മുതൽ നടന്ന അന്വേഷണത്തിൽ പ്രമുഖ മൗണ്ടൻ റെസ്ക്യൂ കമ്പനികളിലെ ആറ് ഉദ്യോഗസ്ഥരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു കമ്പനി മാത്രം നടത്തിയ 1248 രക്ഷാപ്രവർത്തനങ്ങളിൽ 171 എണ്ണവും വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരം തട്ടിപ്പുകൾ വർദ്ധിച്ചതോടെ പല പ്രമുഖ അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളും നേപ്പാളിലെത്തുന്ന ട്രെക്കിംഗ് സഞ്ചാരികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നത് നിർത്തിവെച്ചിരിക്കുകയാണ്. ഇത് നേപ്പാളിലെ ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്.

അടിയന്തര ഘട്ടങ്ങളിലെ രക്ഷാപ്രവർത്തനങ്ങളിൽ നിന്ന് ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ട് 2018ൽ നേപ്പാൾ സർക്കാർ പുതിയ നിയമം കൊണ്ടുവന്നിരുന്നുവെങ്കിലും തട്ടിപ്പ് സംഘങ്ങൾ ഇത് മറികടക്കുകയാണെന്ന് അധികൃതർ പറയുന്നു. കുറ്റവാളികൾക്കെതിരെ കർശനമായ ശിക്ഷാനടപടികൾ ഇല്ലാത്തതാണ് ഈ തട്ടിപ്പ് തുടരാൻ കാരണമെന്ന് നേപ്പാളിലെ സംഘടിത കുറ്റകൃത്യ അന്വേഷണ വിഭാഗം മേധാവി മനോജ് കുമാർ കെ.സി വ്യക്തമാക്കി. പത്തുലക്ഷത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന ടൂറിസം മേഖലയിലെ ഇത്തരം മാഫിയ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് നേപ്പാൾ സർക്കാർ.

You may also like