പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപി – സിപിഎം കൂട്ടുകെട്ടുണ്ടെന്ന ആരോപണം വെറും രാഷ്ട്രീയ ആഖ്യാനം മാത്രമാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാഖ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രത്യേക നരേറ്റീവ് നിർമ്മിക്കുകയാണെന്നും ആരെയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാലക്കാട് ഇടതുപക്ഷം ജയിക്കാതിരിക്കാൻ ഇത്തരം വ്യാജ പ്രചാരണങ്ങൾ വർഷങ്ങളായി യുഡിഎഫ് നടത്താറുണ്ടെന്നും, ഇത്തവണ ഇടത് സ്ഥാനാർത്ഥി ദുർബലനാണെന്ന വാദം തെറ്റാണെന്നും റസാഖ് വ്യക്തമാക്കി. എൽഡിഎഫ് സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് പ്രതിപക്ഷ നേതാവല്ലെന്നും പാലക്കാട് മണ്ഡലത്തിൽ ഇടതുപക്ഷം വിജയിക്കുമെന്ന പരിഭ്രാന്തിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് പിന്നിലെന്നും മന്ത്രി എം.ബി. രാജേഷും പ്രതികരിച്ചു. പാലക്കാട്ടുകാരനായ മികച്ച സ്ഥാനാർത്ഥിയെയാണ് ഇത്തവണ മുന്നണി രംഗത്തിറക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാലക്കാട്ട് ബിജെപി – സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി ആരോപിച്ചു. പാലക്കാട് മാത്രമല്ല, കേരളത്തിൽ പലയിടത്തും ഈ അവിശുദ്ധ സഖ്യം പ്രകടനമാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമാ സുഹൃത്തുക്കളെ പ്രചാരണത്തിന് കൊണ്ടുവന്ന് അവരെ സൈബർ ആക്രമണത്തിന് വിട്ടുകൊടുക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും പിഷാരടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീൽ ഉറപ്പിച്ചിട്ടുണ്ടെന്ന വി.ഡി. സതീശന്റെ ആരോപണം ശരിവെക്കുന്നതാണ് മണ്ഡലത്തിലെ സാഹചര്യങ്ങളെന്നും യുഡിഎഫ് ക്യാമ്പ് അവകാശപ്പെട്ടു. സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ഡീൽ ആരോപണങ്ങളും സജീവമായതോടെ പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഗോദയിൽ ആവേശം ഇരട്ടിച്ചിരിക്കുകയാണ്.

