തൃശ്ശൂർ: സിപിഐയുമായി ഇടഞ്ഞ സി സി മുകുന്ദനെ കോൺഗ്രസിനു വേണ്ടെന്ന് പ്രാദേശിക നേതാക്കൾ. നാട്ടികയിൽനിന്നും യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായി സി സി മുകുന്ദൻ മത്സരിച്ചേക്കുമെന്ന വാർത്തകൾക്ക് പിന്നാലെയാണ് പ്രാദേശിക നേതൃത്വത്തിന്റെ പ്രതികരണം. സിപിഐ തളളിയ മുകുന്ദനെ കോൺഗ്രസിന് വേണ്ട എന്നാണ് നിലപാട്. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് ആന്റോ തുറയൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷൈൻ നാട്ടികയുമാണ് എതിർപ്പുമായി രംഗത്തെത്തിയത്. മറ്റ് പാർട്ടികളിൽനിന്ന് പുറന്തള്ളുന്ന സ്ക്രാപ് എടുക്കാൻ തങ്ങൾ തയ്യാറല്ലെന്നും മുകുന്ദനെ സ്ഥാനാർഥിയാക്കരുതെന്നും നാട്ടിക തിരിച്ചു പിടിക്കാൻ മുകുന്ദൻ വേണ്ട എന്നുമാണ് ആവശ്യം.
അതേസമയം സിപിഐയുടെ അനുനയത്തിന് വഴങ്ങാത്ത സി സി മുകുന്ദൻ, കോൺഗ്രസുമായി ചർച്ച നടന്നിട്ടില്ലെന്നും ഗീതാ ഗോപിക്കെതിരായ പേമെന്റ് സീറ്റ് ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണെന്നും വ്യക്തമാക്കി.
നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന് സി സി മുകുന്ദൻ ആരോപിച്ചതിന് പിന്നാലെ സിപിഐയിൽ വിമർശനം ഉയർന്നിരുന്നു. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നൽകിയതിന് കാരണമെന്നും പാർട്ടിക്ക് പണം പിരിച്ചു നൽകാൻ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാർട്ടി വിട്ടതും സ്വതന്ത്രനായി മത്സരിക്കുമെന്ന് വെല്ലുവിളിച്ചതും.
2021ൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച സിപിഐ നേതാവായ സി സി മുകുന്ദൻ 28,431 വോട്ടുകൾക്കാണ് വിജയിച്ചത്. കോൺഗ്രസിന്റെ അഡ്വ. സുനിൽ ലാലൂരിനെയാണ് പരാജയപ്പെടുത്തിയത്. 2016ൽ ഇപ്പോൾ സിപിഐ സ്ഥാനാർത്ഥിയായി തീരുമാനിച്ച ഗീതാ ഗോപിയാണ് മത്സരിച്ചത്. അന്ന് 26,777 വോട്ടുകൾക്കാണ് വിജയിച്ചത്.

